
ന്യൂഡൽഹി: നയതന്ത്ര സ്വർണക്കടത്തിൽ നീതിയുക്തമായ വിചാരണ കേരളത്തിൽ നടക്കില്ലെന്ന് ആവർത്തിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ( ഇ ഡി). കേസിന്റെ തുടർ വിചാരണ കേരളത്തിൽ നിന്ന് ബംഗളൂരുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിലാണ് ഇ ഡി ഇക്കാര്യം വ്യക്തമാക്കിയത്. കേസന്വേഷണം അട്ടിമറിക്കാൻ സർക്കാർ പലപ്പാേഴും ശ്രമിച്ചെന്നും സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. കേസിലെ പ്രതി സ്വപ്ന സുരേഷ് രഹസ്യമൊഴി നൽകിയത് സ്വന്തം ഇഷ്ട പ്രകാരമാണെന്നും രാഷ്ട്രീയപ്രേരിതമോ ബാഹ്യസമ്മർദം മൂലമോ അല്ലെന്നും ഇ ഡി കോടതിയെ അറിയിച്ചു.
മുൻപ് നൽകിയ സത്യവാങ്മൂലത്തിന്റെ തുടർച്ചയെന്നോണമാണ് ഇ ഡി പുതിയ എതിർ സത്യവാങ്മൂലം സമർപ്പിച്ചത്. സ്വർണക്കടത്തു കേസിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചെങ്കിലും, പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ പങ്ക് വ്യക്തമായതോടെ കേസ് അന്വേഷണം സർക്കാർ സംവിധാനങ്ങിലൂടെ പല ഘട്ടത്തിലും അട്ടിമറിക്കാൻ ശ്രമിച്ചെന്നും പുതിയ സത്യവാങ്മൂലത്തിലും ആരോപിക്കുന്നുണ്ട്. സർക്കാരിന്റെ വിശ്വാസ്യത കൂട്ടാനും ചില കാര്യങ്ങൾ മറച്ചുവയ്ക്കാനുമാണ് മുഖ്യമന്ത്രി കത്തയച്ചതെന്നും ഇ ഡി പറയുന്നുണ്ട്.
വിചാരണ മാറ്റണമെന്ന ആവശ്യത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഇല്ലെന്നും കേരളത്തിൽ സ്വതന്ത്രവും നിഷ്‌പക്ഷവുമായ വിചാരണ നടക്കുമോ എന്ന ആശങ്ക ഉള്ളതിനാലാണ് വിചാരണ മാറ്റണമെന്ന് ആവശ്യപ്പെടുന്നതെന്നും ഇ ഡി വിശദീകരിക്കുന്നുണ്ട്. കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ് നായർ എന്നിവരെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സംസ്ഥാന സർക്കാരും കേരള പൊലീസും ശ്രമിക്കുകയാണ്. തെളിവുകൾ നശിപ്പിക്കാനും അന്വേഷണം അട്ടിമറിക്കാനും സർക്കാർ ഭാഗത്തുനിന്നും ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. എല്ലാം ചെയ്യുന്നത് ശിവശങ്കറിനുവേണ്ടിയാണെന്നും ഇ ഡി സത്യവാങ്മൂലത്തിൽ വിശദമാക്കുന്നുണ്ട്.
ഇ ഡി ഫയല്‍ചെയ്ത ട്രാന്‍സ്ഫര്‍ ഹര്‍ജി നവംബര്‍ മൂന്നിന് ചീഫ് ജസ്റ്റിസ് യു.യു ലളിത് അദ്ധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. ഇതിന് മുന്നോടിയായാണ് ഇ ഡി സുപ്രീം കോടതിയില്‍ എം ശിവശങ്കറിന്റെ സത്യവാങ്മൂലത്തിന് മറുപടി ഫയല്‍ ചെയ്തിരിക്കുന്നത്