cricket

മഴ കാരണം ലോകകപ്പിലെ അഫ്ഗാൻ- അയർലാൻഡ് മത്സരവും ഇംഗ്ളണ്ട് - ആസ്ട്രേലിയ മത്സരവും ഉപേക്ഷിച്ചു

മഴയെടുക്കുന്ന അഫ്ഗാന്റെ രണ്ടാമത്തെ മത്സരം

മെൽബൺ : മെൽബണിലെ കനത്ത മഴ ആസ്ട്രേലിയൻ ലോകകപ്പിന്റെ രസംകൊല്ലിയാകുന്നു. ഇന്നലെ സൂപ്പർ 12 റൗണ്ടിൽ നടക്കേണ്ടിയിരുന്ന അഫ്ഗാനിസ്ഥാനും അയർലാൻഡും തമ്മിലുള്ള മത്സരവും ഇംഗ്ളണ്ടും ആസ്ട്രേലിയയും തമ്മിലുള്ള മത്സരവും ഒരു പന്തുപോലും എറിയാനാവാതെ ഉപേക്ഷിക്കേണ്ടിവന്നു. ഇതോടെ നാലു ടീമുകളും ഒാരോ പോയിന്റ് പങ്കുവച്ചു.

ഇത് രണ്ടാം വട്ടമാണ് അഫ്ഗാനിസ്ഥാനെ കളിക്കളത്തിലിറങ്ങാൻ മഴ അനുവദിക്കാതെയിരിക്കുന്നത്. ബുധനാഴ്ച ന്യൂസിലാൻഡിന് എതിരായ മത്സരവും മഴ മൂലം നടന്നിരുന്നില്ല. ഇംഗ്ളണ്ടിന് രണ്ടാം വട്ടമാണ് മഴ വില്ലനാകുന്നത്. അയർലാൻഡിനെതിരെ ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം തോറ്റ ഇംഗ്ളണ്ട് മൂന്ന് കളിയിൽ നിന്ന് മൂന്ന് പോയിന്റുമായി ഒന്നാം ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തുണ്ട്. ആസ്ട്രേലിയ മൂന്ന് പോയിന്റുമായി നാലാമതും. ഗ്രൂപ്പിലെ മുൻനിര ടീമുകളുടെ സെമിഫൈനൽ സാദ്ധ്യതകളെയാണ് മഴ തുലാസിലാക്കിയിരിക്കുന്നത്.

മഴ കളി തുടരുമ്പോൾ

ഈ ലോകകപ്പ് സൂപ്പർ 12 റൗണ്ടിൽ മഴ ഇടപെട്ട മത്സരങ്ങളുടെ എണ്ണം അഞ്ചായി .

ഇന്നത്തേതടക്കം മെൽബണിലെ മൂന്ന് മത്സരങ്ങളിൽ ഒരു പന്തുപോലും എറിയാൻ അനുവദിച്ചില്ല.

ഹൊബാർട്ടിൽ സിംബാബ്‌വെയും സൗത്താഫ്രിക്കയും തമ്മിലുളള മത്സരം ഇരുടീമുകൾക്കും അഞ്ചോവറെങ്കിലും പൂർത്തിയാക്കാനാവാത്തതിനാൽ പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നു.

മെൽബണിൽ ഇംഗ്ളണ്ടും അയർലാൻഡും തമ്മിലുള്ള മത്സരത്തിൽ അയർലാൻഡ് അട്ടിമറി വിജയം നേടിയത് മഴ നിയമത്തിന്റെ പിൻബലത്താൽ.

സൂപ്പർ 12 പോയിന്റ് പട്ടിക

(കളി,ജയം,തോൽവി,ഉപേക്ഷിച്ചത്,പോയിന്റ് എന്ന ക്രമത്തിൽ )

ഗ്രൂപ്പ് 1

ന്യൂസിലാൻഡ് 2-1-0-1-3

ഇംഗ്ളണ്ട് 3-1-1-1-3

അയർലാൻഡ് 3-1-1-1-3

ആസ്ട്രേലിയ 3-1-1-1-3

ശ്രീലങ്ക 2-1-1-0-2

അഫ്ഗാനിസ്ഥാൻ 3-0-1-2-2

ഗ്രൂപ്പ് 2

ഇന്ത്യ 2-2-0-0-4

ദക്ഷിണാഫ്രിക്ക 2-1-0-1-3

സിംബാബ്‌വെ 2-1-0-1-3

ബംഗ്ളാദേശ് 2-1-1-0-2

പാകിസ്ഥാൻ 2-0-2-0-0

നെതർലാൻഡ്സ് 2-0-2-0-0

ഇന്നത്തെ മത്സരം

ശ്രീലങ്ക Vs ന്യൂസിലാൻഡ്

1.30 pm മുതൽ സ്റ്റാർ സ്പോർട്സിൽ ലൈവ്