
പാലക്കാട്: കോയമ്പത്തൂർ സ്ഫോടനത്തിൽ കൂട്ടക്കുരുതിയാണ് ലക്ഷ്യമിട്ടതെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായ സൂചന ലഭിച്ചുവെന്ന് റിപ്പോർട്ട്. ചില സ്ഥാപനങ്ങൾ തകർക്കാനും ലക്ഷ്യമിട്ടിരുന്നു. എന്നാൽ എങ്ങനെയോ ഓപ്പറേഷൻ പാളുകയായിരുന്നു എന്നാണ് കരുതുന്നത്.
ഓൺലൈൻവഴിയാണ് പ്രതികൾ സ്ഫോടക വസ്തുക്കൾ ശേഖരിച്ചതെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ആമസോണിനാേടും ഫ്ളിപ്പ് കാർട്ടിനോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പറയുന്നുണ്ട്. മുബീന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത ലാപ്ടോപ്പിന്റെ പരിശോധനാ ഫലം ലഭിക്കുന്നതോടെ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതവരും. ഈ ലാപ്ടോപ്പ് ഉപയോഗിച്ചാണോ സ്ഫോടക വസ്തക്കൾ വാങ്ങിയതെന്ന് സ്ഥിരീകരിക്കുകയാണ് പൊലീസിന്റെ ലക്ഷ്യം. കേസ് എൻ ഐ എ ഏറ്റെടുത്തെങ്കിലും സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നത് പൊലീസ് തുടരുകയാണ്.
അതിനിടെ, സ്ഫോടനം നടത്തിയെന്ന് കരുതുന്ന മുബീൻ പലതവണ കേരളത്തിലെത്തിയിട്ടുണ്ടെന്ന് വ്യക്തമായി. ചികിത്സാ ആവശ്യങ്ങൾക്കുവേണ്ടിയാണ് ഇയാൾ എത്തിയത്. എന്നാൽ ഇത് വെറും മറയാണോ എന്നും സംശയമുണ്ട്. കേരളത്തിലെത്തി ആരെയൊക്കെ ബന്ധപ്പെട്ടിട്ടുണ്ടെന്നും കണ്ടെത്തേണ്ടതുണ്ട്. നടന്നത് ചാവേർ ആക്രമണമാണെന്നാേ, തീവ്രവാദി ആക്രമണമാണെന്നോ പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അന്വേഷണം പുരോഗമിക്കുന്നതോടെ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതവരും.
സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പേരുടെ അറസ്റ്റ് ഉടനുണ്ടാവും എന്നാണ് കരുതുന്നത്. നിലവിൽ അഞ്ചുപേരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഇവരെ ചോദ്യംചെയ്യുന്നത് തുടരുകയാണ്. അന്വേഷണം ഏറ്റെടുത്ത എൻ ഐ എ പ്രാഥമിക വിവരശേഖരണം പൂർത്തിയാക്കി എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തങ്ങളുടെ പക്കലുള്ള രേഖകളും തെളിവുകളും പൊലീസ് എൻ ഐ എയ്ക്ക് കൈമാറും. ഇതിനുള്ള ക്രമീകരണം പുരോഗമിക്കുകയാണ്. എൻ ഐ എയുടെ ചെന്നൈ യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്.