putin-modi

മോസ്‌കോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്‌ത്തി റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിൻ. മോദിയുടെ സ്വതന്ത്രമായ വിദേശനയത്തെയാണ് പുതിൻ അഭിനന്ദിച്ചത്. രാജ്യസ്നേഹി എന്നാണ് പ്രധാനമന്ത്രിയെ പുതിൻ വിശേഷിപ്പിച്ചത്. മോദിയുടെ നേതൃത്വത്തിൽ നിരവധി കാര്യങ്ങൾ രാജ്യത്ത് നടക്കുന്നുവെന്നും, മേക്ക് ഇൻ ഇന്ത്യ എന്ന മോദിയുടെ ആശയം സാമ്പത്തികമായും നൈതികമായും ഇന്ത്യയെ വരുകാലങ്ങളിൽ ഉന്നതിയിലെത്തിക്കുമെന്നും പുതിൻ പ്രത്യാശ പ്രകടിപ്പിച്ചു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ എന്നും പുതിൻ കൂട്ടിച്ചേർത്തു. എല്ലാവർഷവും നടക്കാറുള്ള വാൽഡായി ചർച്ചയിലായിരുന്നു റഷ്യൻ പ്രസിഡന്റിന്റെ മോദി സ്തുതി.

ബ്രിട്ടിഷ് കോളനിയിൽ നിന്ന് ആധുനിക രാജ്യമായുള്ള ഇന്ത്യയുടെ വളർച്ച അത്യധിസാധാരണമാണ്. ഇന്ത്യയുമായുള്ള സഹകരണത്തെ പ്രത്യേകത നിറഞ്ഞത് എന്നാണ് പുതിൻ വിശേഷിപ്പിച്ചത്. ഇന്ത്യയുമായി ഒരിക്കലും വിഷമകരമായ അനുഭവം ഉണ്ടായിട്ടില്ലെന്നും, പരസ്‌പരം സഹകരണമനോഭാവത്തോടെയാണ് ഇരു രാജ്യങ്ങളും മുന്നോട്ടു പോകുന്നതെന്നും പുതിൻ പറഞ്ഞു.

അതേസമയം, റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി ഇന്ത്യ വർദ്ധിപ്പിച്ചു. പ്രതിദിനം 3.91 മില്യൺ ബാരൽ ക്രൂഡോയിലാണ് സെപ്തംബറിൽ ഇന്ത്യ ഇറക്കുമതി ചെയ്‌തത്. 2021 സെപ്‌തംബറിനേക്കാൾ 5.6 ശതമാനം കുറവും കഴിഞ്ഞ 14 മാസത്തെ ഏറ്റവും താഴ്‌ചയുമാണിത്.ഗൾഫിൽ നിന്നുള്ള ഇറക്കുമതി 19 മാസത്തെ ഏറ്റവും താഴ്ചയിലാണ്. ആഗസ്‌റ്റിലേതിനേക്കാൾ 16.2 ശതമാനം താഴ്‌ന്ന് 2.2 മില്യൺ ബാരലാണ് കഴിഞ്ഞമാസം ഗൾഫിൽ നിന്ന് പ്രതിദിനം വാങ്ങിയത്. റഷ്യയിൽ നിന്നുള്ള ഇറക്കുമതി 4.6 ശതമാനം ഉയർന്ന് പ്രതിദിനം 8.96 ബാരലിലെത്തി.

ഇന്ത്യയ്ക്ക് റഷ്യ ആകർഷക ഡിസ്കൗണ്ട് നൽകുന്നതാണ് അവിടെനിന്നുള്ള ഇറക്കുമതി കൂടാൻ കാരണം. സൗദിയെ പിന്തള്ളിയാണ് റഷ്യ രണ്ടാംസ്ഥാനം നേടിയത്. സൗദി മൂന്നാമതും യു.എ.ഇ നാലാമതുമാണ്. ചൈന കഴിഞ്ഞാൽ റഷ്യയിൽ നിന്ന് ഏറ്റവുമധികം എണ്ണവാങ്ങുന്നതും ഇന്ത്യയാണ്.