
കൊച്ചി: എറണാകുളം വൈപ്പിനിൽ ഗ്യാസ് ഏജൻസി ഉടമയായ വനിതയെ സിഐടിയു പ്രവർത്തകർ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഏജൻസി ഉടമയുടെ ഹർജി തിങ്കളാഴ്ച ഹൈക്കോടതിയിൽ. പൊലീസ് സംരക്ഷണം തേടിയാണ് ഉടമ ഹർജി നൽകിയത്. സ്ഥാപനം തുറന്ന് പ്രവർത്തിക്കാൻ യൂണിയൻ സമ്മതിക്കുന്നില്ലെന്നും ഹർജിയിൽ പറയുന്നു. സിഐടിയു പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നുവെന്നും ഹർജിയിൽ ആരോപിച്ചിട്ടുണ്ട്.
അതേസമയം, സംഭവത്തിൽ ജില്ലാ വ്യവസായ കേന്ദ്രത്തോട് വ്യവസായ മന്ത്രി പി രാജീവ് റിപ്പോർട്ട് തേടിയിട്ടുണ്ട്. എന്താണ് സംഭവിച്ചതെന്ന് അറിയിക്കാനാണ് മന്ത്രിയുടെ നിർദേശം. സംഭവത്തിൽ പട്ടികജാതി-പട്ടികവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. അന്വേഷിച്ച് അഞ്ച് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദേശം നൽകി.