mathan

പേരിൽ സുന്ദരിയും വിദേശിയുമൊക്കെയാണ്. പക്ഷേ, മലയാളികൾക്ക് കക്ഷിയില്ലാതെ പറ്റില്ല.ഭക്ഷണക്രമത്തിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഇനം കൂടിയാണ്. ഇതാണ് സുന്ദരി മത്തൻ. അമ്പിളി മത്തൻ എന്നും മൈസൂർ മത്തനെന്നും ഇതിന് പേരുണ്ട്. മത്തന്റെ ചെറിയ ഇനമാണിത്. നേരത്തേ കേരളത്തിൽ കൃഷിചെയ്തിരുന്നില്ല. മൈസൂറിൽ നിന്നും മറ്റുമാണ് ഇവിടെ എത്തിച്ചിരുന്നത്. അതിനാലാണ് മൈസൂർ മത്തൻ എന്ന് പേരുവന്നത്. സ്വർണവർണത്തിനൊപ്പം കാണാനുളള സൗന്ദര്യവുമാണ് സുന്ദരി മത്തൻ എന്ന് പേര് ചാർത്തിക്കൊടുത്തത്. കായ്ച്ചുതുടങ്ങുമ്പോൾ പച്ചനിറമാണെങ്കിലും നന്നായി മൂത്ത് വിളയുമ്പോൾ സ്വർണ നിറമാകും.

സാധാരണ മത്തന്റെ ഗുണവിശേഷങ്ങൾ എല്ലാം ഈ കുഞ്ഞൻ മത്തനിലുമുണ്ട്. രുചിയിലും മാറ്റമില്ല.വിഷുവിന് കണിവയ്ക്കാനാണ് കുറച്ചുനാൾ മുമ്പുവരെ ഈ മത്തൻ ഉപയോഗിച്ചിരുന്നത്. എന്നാലിപ്പോൾ അതൊക്കെ മാറി. കറിയ്ക്കും മറ്റ് ആവശ്യങ്ങൾക്കും ഇത് ഇപ്പോൾ ഉപയോഗിക്കുന്നുണ്ട്.

സാധാരണ മത്തൻ കൃഷിചെയ്യുന്നതുപോലെതന്നെയാണ് സുന്ദരി മത്തന്റെയും കൃഷി. കടയിൽ നിന്ന് വാങ്ങിയ മത്തന്റെ വിത്തുകൾ ഉപയോഗിച്ച് കൃഷി തു‌ടങ്ങാം. വിത്തുകൾ ശേഖരിക്കാൻ എടുക്കുന്ന മത്തൻ നന്നായി മൂത്ത് വിളഞ്ഞതാണെന്ന് ഉറപ്പുവരുത്തണമെന്നുമാത്രം. നന്നായി ഉഴുതുമറിച്ച സ്ഥലത്തുവേണം കൃഷിചെയ്യാൻ. കോഴിവളവും ചാണകവും ആട്ടിൻ കാട്ടവും അടിവളമായി ഉപയോഗിക്കാം. വിത്ത് മണ്ണിൽ ഒരുപാട് താഴ്ത്തരുത്. വിത്തൊപ്പം മാത്രമേ താഴ്ത്താവൂ എന്നാണ് കർഷകർ പറയുന്നത്. വിത്തിന്റെ പുറംതോടിന് കട്ടി കൂടുതലുള്ളതാണ് കാരണം.

കൃത്യമായി നനച്ചാൽ വളരെ പെട്ടെന്നുതന്നെ വിത്തുകൾ മുളച്ചുതുടങ്ങും. വള്ളി വീശിത്തുടങ്ങിയാൽ വീണ്ടും ജൈവ വളങ്ങൾ ചേർത്തുകൊടുക്കാം. കൂടുതൽ വള്ളിത്തലകൾ ഉണ്ടെങ്കിലേ മികച്ച വിളവ് ലഭിക്കൂ. അതിനായി വള്ളിയുടെ തുമ്പ് നുള്ളുന്നത് നന്നായിരിക്കും. കായവന്നാൽ മൂന്നുമാസത്തിനുള്ളിൽത്തന്നെ വിളഞ്ഞ് പാകമാകും.

സാധാരണ ഗതിയിൽ ഏപ്രിൽ, മെയ് മാസങ്ങളിലാണ് ആവശ്യക്കാർ കൂടുതൽ ഉള്ളതെങ്കിലും എല്ലാക്കാലത്തും വിപണി ഉണ്ട്. മോശമല്ലാത്ത വിലയും കിട്ടും. അതിനാൽ കൂടുതൽ ആൾക്കാർ ഇപ്പോൾ സുന്ദരി മത്തൻ കൃഷിയിലേക്ക് ഇറങ്ങിയിട്ടുണ്ട്.