
ഇന്ത്യൻ കറൻസികളിൽ ഹൈന്ദവ ദേവതകളായ ലക്ഷ്‌മിയുടെയും ഗണപതിയുടെയും ചിത്രങ്ങൾ സഹിതം അച്ചടിക്കണമെന്ന ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാളിന്റെ പ്രസ്താവന വലിയ വിവാദമാണ് ഉണ്ടാക്കിയത്. ദൈവങ്ങളുടെ ആനുഗ്രഹം കൊണ്ട് രാജ്യത്തിന്റെ സാമ്പത്തിക രംഗം പുഷ്‌ടിപ്പെടുമെന്നായിരുന്നു കേജ്‌രിവാളിന്റെ ന്യായീകരണം. ഇതുസംബന്ധിച്ച് പ്രധനമന്ത്രി നരേന്ദ്ര മോദിക്ക് അദ്ദേഹം കത്തെഴുതുകയും ചെയ‌്തു. കറൻസികളിൽ ഒരു ഭാഗത്ത് മഹാത്മാ ഗാന്ധിയുടെയും മറുഭാഗത്ത് ലക്ഷ്‌മിയുടെയും ഗണപതിയുടെയും ചിത്രങ്ങൾ വേണമെന്നാണ് ഡൽഹി മുഖ്യന്റെ ആവശ്യം.
അതെന്തുതന്നെയായാലും കറൻസിയിൽ ആരുടെ ചിത്രമാണ് വേണ്ടതെന്ന് തീരുമാനിക്കാൻ പെട്ടെന്നങ്ങ് കഴിയില്ല. ഇന്ത്യയിൽ കറൻസി അച്ചടിക്കുന്നതിനുള്ള ചുമതല റിസർവ് ബാങ്കിലാണ് നിക്ഷിപ്‌തമായിട്ടുള്ളത്. ഡിസൈൻ, ഏതു മെറ്റീരിയൽ എന്നൊക്കെ തീരുമാനിക്കുന്നത് കേന്ദ്ര സർക്കാരും ആർബിഐയുടെ സെൻട്രൽ ബോർഡും ചേർന്നാണ്. എന്നാൽ നാണയങ്ങളുടെ കാര്യത്തിൽ പൂർണ അധികാരം കേന്ദ്രസർക്കാരിന് മാത്രമാണ്.
രൂപയുടെ ഘടന തീരുമാനിക്കുന്നതിന് റിസവർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ ചെയർമാനായ ഒരു മാനേജ്മെന്റ് ടീം നിലവിലുണ്ട്. കറൻസിയിൽ ഏതു ഡിസൈൻ വേണമെന്നൊക്കെ തീരുമാനിക്കുന്നത് ഇവിടെയാണ്. തുടർന്ന് കേന്ദ്രസർക്കാരിന്റെ നിർദേശവും കൂടി പരിഗണിച്ചാകും അന്തിമ തീരുമാനമെടുക്കുക.