sindhu

കോഴിക്കോട്: മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ച വീട്ടമ്മയുടെ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് അന്വേഷണ സംഘത്തിന് കൈമാറി. കുത്തിവയ്ച്ച മരുന്നിൽ നിന്നുണ്ടായ പാർശ്വഫലത്തെ തുടർന്ന് ആന്തരികാവയവങ്ങൾക്ക് തകരാറ് സംഭവിച്ചതാണ് മരണത്തിന് കാരണമായതെന്ന് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. മരുന്ന് മാറി കുത്തിവച്ചെന്ന ബന്ധുക്കളുടെ ആരോപണം റിപ്പോർട്ടിൽ തള്ളി.

അതേസമയം, സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. അന്വേഷണം നടത്താൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. സാമ്പിളുകൾ ഉൾപ്പെടെ കെമിക്കൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വീട്ടമ്മയുടെ ബന്ധുക്കളുടെ പരാതിയിൽ മെഡിക്കൽ കേളേജ് പൊലീസ് നേരത്തേ കേസെടുത്തിരുന്നു.

കടുത്ത പനിയെ തുടർന്നാണ് കൂടരഞ്ഞി ചവലപ്പാറ സ്വദേശി സിന്ധുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡെങ്കിപ്പനിക്ക് ഉൾപ്പെടെ പരിശോധന നടത്തിയിരുന്നു. ആദ്യ ഡോസ് കുത്തിവയ്പ്പ് എടുത്തപ്പോൾ ഇവരുടെ ആരോഗ്യം മെച്ചപ്പെട്ടിരുന്നു. എന്നാൽ രണ്ടാം ഡോസ് കുത്തിവയ്പ്പ് എടുത്തതോടെ ആരോഗ്യനില വഷളായി പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു.