
കറുപ്പ് നിറം നിർഭാഗ്യത്തിന്റേതാണ് കരുതുന്ന അന്ധവിശ്വാസം വാഹന ലോകത്തും ഉണ്ട്. സാധാരണയായി പുതിയ വാഹനം വാങ്ങുമ്പോൾ മിക്കവരും വെള്ളയാവും തിരഞ്ഞെടുക്കുക, അല്ലെങ്കിൽ പിന്നെ നീല നിറം, ചാര നിറം തുടങ്ങിയവയിലേക്കാവും കണ്ണ് പായിക്കുക. അധികം പേരും കറുപ്പ് നിറത്തിലുള്ള വാഹനം സ്വന്തമാക്കാൻ താത്പര്യം കാണിച്ചിരുന്നില്ല.
കറുപ്പ് നിറത്തെ അകറ്റി നിർത്താൻ വാഹന ലോകത്ത് നിർഭാഗ്യത്തിനൊപ്പം മറ്റു ചില കാരണങ്ങൾ കൂടിയുണ്ട്. പൊടിയും പോറലുകളുമെല്ലാം കറുത്ത നിറത്തിൽ എടുത്ത് കാണിക്കും എന്നതാണ് അത്. ഇതിനൊപ്പം റീസെയിൽ വാല്യുവും കറുപ്പ് നിറത്തിന് കുറവാണ്. എന്നാൽ എസ് യു വികളുടെ വരവോടെ കറുപ്പിന്റെ കഷ്ടകാലം അവസാനിച്ചിരിക്കുകയാണ്. ഇതിനാൽ തന്നെ കാർ നിർമ്മാതാക്കൾ അടുത്തിടെ അവരുടെ എസ് യുവികൾ പ്രത്യേകമായി ബ്ലാക്ക് കളർ ഓപ്ഷനുകളിൽ പുറത്തിറക്കുന്ന പതിവും ആരംഭിച്ചിട്ടുണ്ട്.
കറുപ്പ് നിറം ആളുകൾ കൂടുതൽ വാങ്ങുന്നതിന്റെ കാരണം ഇൻസ്റ്റാഗ്രാമിലൂടെ വിശദമാക്കുകയാണ് ന്യൂമറോളജിസ്റ്റ് സഞ്ജയ് ശർമ്മ. കറുപ്പ് പൊതുവെ റോയൽറ്റിയുടെയും അധികാരത്തിന്റെയും അടയാളമായി കണക്കാക്കപ്പെടുന്നതാണ്. റോഡിൽ കറുപ്പ് നിറമുള്ള വാഹനവുമായി ഇറങ്ങിയാൽ അത് മറ്റുള്ളവരുടെ ശ്രദ്ധയിൽ പെടും. മിക്ക രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാരും പ്രസിഡന്റുമാരും ഉൾപ്പെടെയുള്ള ലോക നേതാക്കൾ കറുത്ത നിറമുള്ള കാറുകളാണ് ഉപയോഗിക്കുന്നത്. ആക്രമണങ്ങളിൽ നിന്നും രക്ഷപ്പെടാനുള്ള സുരക്ഷാ കാരണമാണ് ഇതിന് പിന്നിലുള്ളത്. എന്നാലും പൊതുജനം കറുപ്പിനെ അധികാരത്തിന്റെ അടയാളമായി കരുതാനാണ് ഇഷ്ടപ്പെടുന്നത്. ഇതിന് പുറമേ പുതിയ മോഡലുകൾ പുറത്തിറക്കുന്ന കമ്പനികൾ ഡാർക്ക് എഡിഷൻ മോഡലുകൾക്ക് പ്രത്യേക പ്രാധാന്യം നൽകുന്നുമുണ്ട്. ഇവയെല്ലാം ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ കറുപ്പിനെ കൂടുതൽ ജനപ്രിയമായി.