mohali

മൊഹാലി: മൊഹാലിയിലെ ഇന്റലിജന്റ്സ് ആസ്ഥാനത്ത് നടന്ന റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡ് (ആർ.പി.ജി)​ ആക്രമണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പ്രായപൂർത്തിയാകാത്ത ആളുടെ മൊഴി പൊലീസിനെ അമ്പരപ്പിച്ചു. കാറിലിരുന്ന് പടക്കം പൊട്ടിച്ചാൽ ഒമ്പത് ലക്ഷം രൂപ പ്രതിഫലം നൽകാമെന്ന വാഗ്ദാന പ്രകാരമാണ് കൃത്യം ചെയ്തതെന്നും പണം ലഭിച്ചെന്നും 17കാരൻ പൊലീസിന് മൊഴി നൽകി. ബുധനാഴ്ച അറസ്റ്റ് ചെയ്ത കുട്ടി ആറ് ദിവസത്തെ കസ്റ്രഡിയിലാണുള്ളത്. ഗ്രനേഡ് ആക്രമണം നടക്കുമ്പോൾ താൻ കാറിലുണ്ടായിരുന്നെന്നും എന്നാൽ,​ കാറിലുണ്ടായിരുന്ന ഉപകരണം ആർ.പി.ജി ലോഞ്ചർ ആണെന്ന് അറിയില്ലായിരുന്നെന്നുമാണ് കുട്ടിയുടെ മൊഴി.

താൻ വളരെ ദരിദ്ര കുടുംബത്തിൽ നിന്നാണ് വരുന്നത്. പിതാവ് പാർട്ട് ടൈം ഡ്രൈവറാണ്. അതിനാൽ കുടുംബത്തിൽ ഭക്ഷണത്തിനു വരെ വളരെ ബുദ്ധിമുട്ടാണ്. ബിസിനസ് തുടങ്ങാൻ സഹോദരന് ഈ തുകയിൽ ഒരു ഭാഗം നൽകാൻ തീരുമാനിച്ചെന്നും കുട്ടി വ്യക്തമാക്കി. കോടതി ഉത്തരവനുസരിച്ച് നിലവിൽ കുട്ടിയെ ജുവനൈൽ ഹോമിൽ പാർപ്പിച്ചിരിക്കുകയാണ്. 

ഇന്റലിജൻസ് ആസ്ഥാനത്ത് ഡ്രോൺ ആക്രമണം നടത്തിയ കേസിൽ ഡൽഹി പൊലിസ് ഓപ്പറേഷൻ സെല്ലാണ് കുട്ടിയെ അറസ്റ്റ് ചെയ്തത്. അതിനു ശേഷം പഞ്ചാബ് പൊലീസിന്റെ കൗണ്ടർ ഇന്റലിജന്റ്സ് വിഭാഗം കേന്ദ്ര ഏജൻസിയുമായും എ.ടി.എസ് മഹാരാഷ്ട്രയുമായും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിൽ കേസിലെ മുഖ്യപ്രതി ചരത് സിംഗിനെ മുംബയിൽ നിന്ന് പിടികൂടിയിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മറ്റ് പ്രതികളെയും പിടികൂടി. ഇവരിൽ നിന്ന് എ.കെ 56 തോക്കും 100 വെടിയുണ്ടകളും ഒരു പിസ്റ്രളും പിടിച്ചടുത്തു.

മേയിലാണ് മൊഹാലിയിലെ ഇന്റലിജന്റ്സ് ആസ്ഥാനത്ത് ആർ.പി.ജി ഗ്രനേഡ് ഉപയോഗിച്ചുള്ള സ്ഫോടനം ഉണ്ടായത്. ആക്രമണത്തിൽ ആളപായമൊന്നും ഉണ്ടായില്ലെങ്കിലും കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു. തോളിൽ വച്ച് പ്രവർത്തിപ്പിക്കുന്ന ലോഞ്ചിംഗ് സംവിധാനമാണ് ആർ.പി.ജി.