
പഞ്ച്കുള: പൊലീസ് ഹെൽപ്പ് ലൈൻ നമ്പരിൽ വിളിച്ച് പൊലീസുകാരെ അസഭ്യം പറഞ്ഞ യുവതി അറസ്റ്റിൽ. ഹരിയാനയിലെ പഞ്ച്കുള ബീ-ഗഗ്ഗർ സ്വദേശിയായ സുമൻ (25) -നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തിലെ അടിയന്തര പൊലീസ് ഹെൽപ്പ് ലൈൻ നമ്പരായ 112- ൽ അനാവശ്യമായി തുടരെ വിളിച്ച് പൊലീസുകാർക്ക് സമയനഷ്ടമുണ്ടാക്കിയതിനും അസഭ്യം പറഞ്ഞതിനുമടക്കം രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിലായ യുവതിയ്ക്ക് കോടതി മൂന്ന് മാസത്തെ തടവ് ശിക്ഷ വിധിച്ചു.
ഹെൽപ്പ് ലൈൻ നമ്പരിൽ നിരന്തരം വിളിക്കുന്ന യുവതി പൊലീസുകാരോട് പാട്ടുകൾ പാടുകയും അപ്രസക്തമായ കാര്യങ്ങൾ പറഞ്ഞ് സമയം പാഴാക്കുകയും ചെയ്തതായാണ് പൊലീസ് വെളിപ്പെടുത്തുന്നത്. ഒടുവിൽ യുവതിയുടെ തമാശ പരിധി വിട്ട് പൊലീസിനെ അസഭ്യം പറയുന്ന ഘട്ടമെത്തിയതോടെ യുവതിയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് സുമൻ പൊലീസ് പിടിയിലാകുകയും ചെയ്തു. ഫോണിലൂടെ അശ്ശീലം പറഞ്ഞതിനും അപായത്തിൽപ്പെടുന്ന ആളുകൾക്ക് സഹായം തേടാനുള്ള പൊലീസ് സംവിധാനം ദുരുപയോഗം ചെയ്തതിനും ടെലികോം പൊലീസ് സൂപ്രണ്ട് നൽകിയ പരാതിയിലാണ് യുവതിയ്‌ക്കെതിരെ നടപടി സ്വീകരിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ പൊതുപ്രവർത്തകന്റെ കൃത്യനിർവഹണത്തിന് തടസ്സം നിൽക്കൽ, പൊതു ശല്യം, അശ്ശീല പ്രവൃത്തി എന്നീ കുറ്റകൃത്യങ്ങൾ ഉൾപ്പെടുന്ന സെക്ഷൻ 186, 290,294 എന്നിവ പ്രകാരം അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ യുവതിയ്ക്ക് കോടതി മൂന്ന് മാസത്തെ തടവ് ശിക്ഷ വിധിക്കുകയായിരുന്നു.