
ന്യൂഡൽഹി: തദ്ദേശീയമായി നിർമിച്ച വിസ്കിയുമായി ആഗോള മദ്യനിർമാണ കമ്പനിയായ 'ബക്കാർഡി'. 'ലെഗസി' എന്ന പേരിലുള്ള ഇന്ത്യൻ നിർമിത വിസ്കി ഇന്ന് വിപണിയിൽ അവതരിപ്പിച്ചു. ഇന്ത്യൻ ധാന്യങ്ങൾ ഉപയോഗിച്ച് നിർമിച്ച 'ലെഗസി' ആദ്യ ഘട്ടത്തിൽ മഹാരാഷ്ട്ര, ഉത്തർപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ മാത്രമായിരിക്കും ലഭ്യമാകുക എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. വിൽപ്പന പുരോഗമിക്കുന്നതോടെ മറ്റു സംസ്ഥാനങ്ങളിലും 'ലെഗസി' ലഭ്യമായി തുടങ്ങും.
ഇന്ത്യൻ നിർമിത വിസ്കി വിഭാഗത്തിൽ ബക്കാർഡിയുടെ ആദ്യ ഉത്പന്നമാണ് 'ലെഗസി'. ആഗോള മദ്യ വിപണിയിൽ വിസ്കി ഉപഭോക്താക്കളിൽ ഒന്നാമതുള്ള ഇന്ത്യയിലെ ആദ്യത്തെ 'മെയ്ഡ് ഇൻ ഇന്ത്യ വിസ്കി' സംരംഭം വിജയകരമാകുമെന്ന ശുഭപ്രതീക്ഷയാണുള്ളതെന്ന് ബക്കാർഡിയുടെ ഇന്ത്യൻ മേധാവി പറഞ്ഞു. ഇന്ത്യൻ നിർമിത വിസ്കികൾക്ക് വലിയ വിപണന സാദ്ധ്യതയാണുള്ളതെന്ന് പറഞ്ഞ അദ്ദേഹം ഉത്പന്നങ്ങളിൽ നിരവധി നവീകരണം വരുത്തുന്നതിന്റെ ഭാഗമാണ് പുതിയ ഉത്പന്നമെന്ന് വ്യക്തമാക്കി. ദേശീയ തലത്തിൽ പുതിയ ഉത്പന്നങ്ങൾ എത്തിക്കാനുള്ള ശ്രമത്തിലാണെന്നും കമ്പനി അറിയിച്ചു. ഈ വർഷം ആദ്യത്തിൽ 'ഗുഡ്മാൻ' എന്ന പേരിൽ ബ്രാൻഡിയും ബക്കാർഡി പുറത്തിറക്കിയിരുന്നു.