russian-missile-strike

കീവ്: യുക്രെയിൻ നഗരങ്ങളിലെ ജനവാസ കേന്ദ്രങ്ങളിൽ റഷ്യ നടത്തി വരുന്ന കനത്ത മിസൈൽ ആക്രമണത്തിന്റെ നടുക്കുന്ന വീഡിയോ ദൃശ്യം പുറത്ത്. യുക്രെയിനിലെ കോഫി ഷോപ്പ് റഷ്യൻ മിസൈലാക്രമണത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന ദൃശ്യമാണ് സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നത്. യുദ്ധത്തിന്റെ രൂക്ഷത വെളിവാക്കുന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യമാണ് പുറത്ത് വന്നിരിക്കുന്നത്.

ആക്രമണത്തിന് തൊട്ട് മുൻപുള്ള ദൃശ്യങ്ങൾ വരെ വെളിവാക്കുന്ന വീഡിയോയിൽ കോഫി ഷോപ്പിലെ ജീവനക്കാരി ഓർഡർ സ്വീകരിക്കുന്നതിനിടയിലാണ് ആക്രമണമുണ്ടാകുന്നത്. കോഫി ഷോപ്പിന് ഏതാനും മീറ്റർ അകലത്തിൽ മിസൈൽ പതിക്കുന്നതും അതിന്റെ ആഘാതത്തിൽ ഷോപ്പ് ആകമാനം കുലുങ്ങി വിറയ്ക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.റഷ്യ- യുക്രെയിൻ സംഘർഷം 247-ാം ദിവസത്തിലേയ്ക്ക് കടന്ന സാഹചര്യത്തിലും യുദ്ധാന്തരീക്ഷത്തിന് യാതൊരു അയവും വന്നിട്ടില്ല. അതിർത്തി പ്രദേശങ്ങളിൽ യുക്രെയിൻ സൈനികർ കനത്ത പ്രതിരോധം തീർക്കുന്ന സാഹചര്യത്തിൽ ഇറാനിൽ നിന്നെത്തിച്ച 'ഷഹീദ്' ഡ്രോണുകളും കനത്ത മിസൈലാക്രമണവും പുതിയ യുദ്ധനയമായി സ്വീകരിച്ചിരിക്കുകയാണ് റഷ്യ.

ലക്ഷ്യ സ്ഥാനത്ത് ഇടിച്ചിറങ്ങി കനത്ത ആഘാതമേൽപ്പിക്കുന്ന 'കാമിക്കാസേ' ഡ്രോണുകൾ യുക്രെയിൻ തലസ്ഥാന നഗരിയിലടക്കം വലിയ അരക്ഷിതാവസ്ഥയാണ് സൃഷ്ടിച്ചിരിക്കുന്നത്. കൂടാതെ യുക്രെയിനിലെ തന്ത്രപ്രധാന ഊർജ്ജ ഉത്പാദന കേന്ദ്രങ്ങളെ അടക്കം ലക്ഷ്യമാക്കിയുള്ള മിസൈൽ ആക്രമണവും റഷ്യ തുടർന്ന് വരികയാണ്. റഷ്യ ഇത് വരെ 8,000 വ്യേമ ആക്രമണങ്ങളും 4,500 മിസൈൽ ആക്രമണങ്ങളും യുക്രെയിന് മേൽ നടത്തിയതായാണ് വിവരം.