
വിഴിഞ്ഞം: തുറമുഖ വിരുദ്ധ സമരത്തിനെതിരെ ജനകിയ കൂട്ടായ്‌മയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധ സമരം ഇന്ന് 28ാം ദിവസം. ഇന്നലെ നടന്ന സത്യഗ്രഹ സമ്മേളനം നഗരസഭാ വാർഡ് കൗൺസിലർ സി. ഓമന ഉദ്ഘാടനം ചെയ്‌തു. എൻ.എസ്.എസ് വനിതാ യൂണിയൻ താലൂക്ക് സെക്രട്ടറി ലേഖ, വെങ്ങാനൂർ ഗോപകുമാർ, സഞ്ജുലൻ, കരിച്ചൽ ജയകുമാർ, സഫറുള്ള ഖാൻ, സതികുമാർ, ലക്ഷ്‌മി എന്നിവർ സംസാരിച്ചു.
നവംബർ 1ന് നടക്കുന്ന ലോംഗ് മാർച്ചിന് വൻ ജനപങ്കാളിത്തം ഉണ്ടാകുമെന്ന് ജനകീയ കൂട്ടായ്‌മ കൺവീനർ വെങ്ങാനൂർ ഗോപകുമാർ പറഞ്ഞു. രാവിലെ 7ന് മുല്ലരിൽ നിന്ന് ആരംഭിക്കുന്ന മാർച്ച് വിഴിഞ്ഞം, കോവളം, പാച്ചല്ലൂർ, തിരുവല്ലം, മണക്കാട് വഴി ഉച്ചയോടെ സെക്രട്ടേറിയറ്റ് നടയിലെത്തിച്ചേരും. മാർച്ച് കടന്നുപോകുന്ന സ്ഥലങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങും. നിരവധി രാഷ്ട്രീയ, സംഘടനാ പ്രവർത്തകർ വിവിധ സ്ഥലങ്ങളിൽ നിന്ന് ലോംഗ് മാർച്ചിൽ പങ്കാളികളാകുമെന്നും സംഘാടകർ പറഞ്ഞു.