kerala-governer

ന്യൂഡൽഹി: സംസ്ഥാന സർവകലാശാലയിലെ വൈസ് ചാൻസലർമാർ രാജി സമർപ്പിക്കണമെന്ന നിലപാടിൽ ഉറച്ച് നിൽക്കേ അലിഗഡ് സർവകലാശാല വിസിയ്ക്ക് വിരുന്നൊരുക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഡൽഹി സന്ദർശനത്തിനിടയിൽ കേരളഹൗസ് കോൺഫറൻസ് ഹാളിലാണ് അലിഗഡ് വിസിയ്ക്ക് അടക്കം ഗവർണർ വിരുന്ന് സൽക്കാരം സംഘടിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും ഡൽഹി സന്ദർശനത്തിന്റെ ഭാഗമായി കേരളാഹൗസിൽ തങ്ങുന്നതിനിടയിലാണ് ഗവർണ‌ർ വിരുന്നൊരുക്കിയത്.

എ എം യു വിസി പ്രൊഫസർ താരിഖ് മൻസൂർ, ഫിനാൻസ് ഉദ്യോഗസ്ഥൻ പ്രൊഫസർ മൊഹ്സീൻ ഖാൻ, പ്രോക്ടർ പ്രൊഫസർ വസിം അലി, വിവിധ വകുപ്പ് മേധാവികൾ അടങ്ങിയവർ വിരുന്നിൽ പങ്കെടുത്തതായാണ് വിവരം. അതേ സമയം സംസ്ഥാനത്തെ സർവകലാശാല ചാൻസലർ പദവിയിൽ നിന്നും ആരിഫ് മുഹമ്മദ് ഖാനെ നീക്കം ചെയ്യേണ്ട സമയമായെന്ന ആരോപണവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ രംഗത്തെത്തി. ഇതിനായുള്ള ചർച്ചകൾക്ക് തുടക്കം കുറിക്കാനുള്ള സമയമായെന്ന് പറഞ്ഞ എം വി ജയരാജൻ പലരും ഇതിനോടകം ഇക്കാര്യം പറഞ്ഞതായും വ്യക്തമാക്കി. പല സംസ്ഥാനങ്ങളിലും ഗവർണർക്ക് ചാൻസലർ പദവി നൽകിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം തത്‌സ്ഥാനത്തിരിക്കാൻ ഗവർണർ യോഗ്യനല്ല എന്ന് തെളിഞ്ഞതായി ആരോപിച്ചു.