
തിരുവനന്തപുരം: തലസ്ഥാനത്ത് മ്യൂസിയത്തിൽ പ്രഭാത സവാരിക്കിടെ യുവതിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിലെ പ്രതിയുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. പരാതിക്കാരിയായ യുവതി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയിരിക്കുന്നത്. പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ദേഹത്ത് കയറിപ്പിടിച്ചെന്ന് മൊഴി നൽകിയിട്ടും പ്രതിക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകാളാണ് ചുമത്തിയത് എന്ന് ആക്ഷേപം ഉയർന്നിരുന്നു.
സംഭവ സമയത്ത് കറുത്ത പാന്റ്സും ടീ ഷർട്ടുമാണ് പ്രതി ധരിച്ചിരുന്നത്. തലയിൽ മഫ്ലറുമുണ്ടായിരുന്നു.
. വളരെ അടുത്ത് എത്തിയതിന് ശേഷമാണ് ഉപദ്രവിച്ചത്. മുഖം നന്നായി ഓർക്കുന്നു എന്നാണ് യുവതി പറഞ്ഞത്. പ്രതി സഞ്ചരിച്ച കാർ ഏത് ദിശയിലേക്കാണ് പോയതെന്ന് കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്
കഴിഞ്ഞ ബുധനാഴ്ചയാണ് നഗരഹൃദയത്തിൽ വെച്ച് യുവതി അപമാനിക്കപ്പെട്ടത്. എൽ.എം.എസ് ജംഗ്ഷനിൽ വാഹനം നിർത്തിയ ശേഷമാണ് നടന്ന് വന്ന പ്രതി യുവതിയെ ആക്രമിച്ചത്. ഇതിന് ശേഷം പ്രതി മ്യൂസിയം ഗേറ്റ് ചാടിക്കടന്ന് രക്ഷപ്പെട്ടു. സംഭവം നടന്ന പുലർച്ചെ നാല് മണിക്ക് തന്നെ എയ്ഡ് പോസ്റ്റിൽ യുവതി വിവരം അറിയിച്ചുവെങ്കിലും പൊലീസ് കൺട്രോൾ റൂമിൽ അറിയിച്ചില്ലെന്നാണ് ആക്ഷേപം.