soudi-america

റിയാദ്: രാജ്യത്തിന്റെയും ജനങ്ങളുടെയും താത്പര്യം സംരക്ഷിക്കുന്നതിന്റെ പേരിൽ സൗദി അറേബ്യയെ ആർക്കും കുറ്റപ്പെടുത്താനാകില്ലെന്ന് ധനകാര്യ മന്ത്രിയായ മുഹമ്മദ് അൽ-ജദ്ആൻ. ഒപെക് രാഷ്ട്രങ്ങളുടെ എണ്ണ ഉത്പാദനത്തിൽ കുറവു വരുത്തണം എന്ന തീരുമാനവുമായി ബന്ധപ്പെട്ട് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി 'ആന്റണി ബ്ലിങ്കന്റെ' പ്രസ്താവനയ്ക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. റിയാദിൽ നടന്ന ഭാവി നിക്ഷേപ ഉച്ചകോടിയ്ക്കിടയിലായിരുന്നു 'മുഹമ്മദ് അൽ-ജദ്ആൻ' വാർത്താ മാദ്ധ്യമത്തോട് പ്രതികരണമറിയിച്ചത്. ഒപെക് രാഷ്ട്രങ്ങൾ എണ്ണ ഉത്പാദന നയത്തിൽ പുനഃപരിശോധന നടത്താത്ത സാഹചര്യത്തിൽ സൗദിയുമായുള്ല ബന്ധവും പുനർനിർണയത്തിന് വിധേയമാക്കണമെന്നായിരുന്നു അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയുടെ പരാമർശം.

എന്നാൽ സൗദിയും അമേരിക്കയുമായുള്ള ബന്ധത്തിൽ നിലവിൽ വിള്ളലുകളൊന്നും തന്നെ സംഭവിച്ചിട്ടില്ല എന്നും സൗദി ധനകാര്യ മന്ത്രി കൂട്ടിച്ചേർത്തു. "സൗദിയും യുഎസ്സും തമ്മിലുള്ള ബന്ധം ഒന്നോ രണ്ടോ വര്‍ഷത്തേക്കുള്ളതോ ഏതെങ്കിലും ഒന്നോ രണ്ടോ കരാറുകളുമായോ ബന്ധപ്പെട്ടതോ ഒന്നല്ല. മറിച്ച് പതിറ്റാണ്ടുകള്‍ നീണ്ട തന്ത്രപ്രധാനമായ ബന്ധമാണ് ഇരു രാജ്യങ്ങള്‍ക്കും ഇടയിലുള്ളത്. അത് പെട്ടെന്ന് ഇല്ലാതാവുന്നതല്ല. സൗദി അറേബ്യയുടെയും ജനങ്ങളുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന നിലപാടുകള്‍ സ്വീകരിച്ചതിന്റെ പേരില്‍ രാജ്യത്തെ ആക്ഷേപിക്കുന്നത് ശരിയായ രീതിയല്ല. അതേസമയം, അമേരിക്ക ഉള്‍പ്പെടെയുള്ള മറ്റു രാജ്യങ്ങളുടെ അഭിപ്രായങ്ങള്‍ രാജ്യം മനസ്സിലാക്കുന്നുണ്ട്" അദ്ദേഹം പറഞ്ഞു.

നേരത്തെ എണ്ണവില ഉയർന്നതിന് അനുസൃതമായി സൗദി അടക്കമുള്ള രാഷ്ട്രങ്ങൾ എണ്ണ ഉത്പാദനം കൂട്ടണം എന്ന നിലപാട് അമേരിക്ക സ്വീകരിച്ചിരുന്നു. എന്നാൽ ഉത്പാദനത്തിൽ കുറവ് വരുത്താനുള്ള തീരുമാനമായിരുന്നു സൗദി അടങ്ങുന്ന ഒപെക് രാജ്യങ്ങൾ കൈക്കൊണ്ടത്. ഈ തീരുമാനം റഷ്യയുടെ നിർദേശ പ്രകാരമെന്നായിരുന്നു അമേരിക്കൻ നിലപാട് . എന്നാൽ ആഗോള എണ്ണ വിപണിയെ അടിസ്ഥാനമാക്കിയുള്ല സാമ്പത്തിക തീരുമാനം മാത്രമായിരുന്നു അത് എന്നായിരുന്നു ഇതിനെക്കുറിച്ച് സൗദിയുടെ പ്രതികരണം. സൗദി നിലപാടിൽ മാറ്റം വരുത്താത്തതോടെ കരുതൽ എണ്ണ ശേഖരം വിപണിയിലെത്തിക്കാനുള്ള തീരുമാനം അമേരിക്ക കൈക്കൊണ്ടിരുന്നു. അമേരിക്കൻ നാഷനല്‍ സ്ട്രാറ്റജിക് റിസേര്‍വില്‍ നിന്ന് 15 മില്യണ്‍ ബാരല്‍ എണ്ണ വിപണിയിലേയ്ക്ക് എത്തിക്കാനായുള്ള പ്രസിഡന്റ് ജോ ബൈഡന്റെ തീരുമാനം മണ്ടത്തരമായി പരിണമിക്കുമെന്നായിരുന്നു സൗദിയുടെ പ്രതികരണം.