sharon-raj

തിരുവനന്തപുരം: പാറശാലയിൽ കഷായവും ശീതളപാനീയവും കഴിച്ചതിനെ തുടർന്ന് യുവാവ് മരണപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി അന്വേഷണ ഉദ്യോഗസ്ഥൻ. ഷാരോണിന്റെ മരണമൊഴിയെടുക്കാൻ പോകുമ്പോൾ പ്രതി ആരാണെന്ന് ഉറപ്പിച്ചാണ് താൻ പോയതെന്നും എന്നാൽ മൊഴിയെടുത്തതോടെ സംശയം ഇല്ലാതായെന്നും പാറശാല എസ് ഐ സജി പറഞ്ഞു. ടൈംസ് ഒഫ് ഇന്ത്യയോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

'ഷാരോണും പെൺകുട്ടിയും തമ്മിൽ പ്രണയത്തിലായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ മറ്റൊരാളുമായി പെൺകുട്ടിയുടെ വിവാഹം ഉറപ്പിച്ചെങ്കിലും ഷാരോണുമായി ഒരുപാട് അടുത്തതിന്റെ പേരിൽ ഇത് മുടങ്ങുകയായിരുന്നു. ഷാരോണിന്റെ വീട്ടിൽ ഇക്കാര്യങ്ങളെല്ലാം അറിയാമായിരുന്നു. നവംബറിൽ പെൺകുട്ടിയുടെ പിറന്നാൾ സ്വന്തം വീട്ടിൽ ആഘോഷിച്ച ശേഷം ഒന്നിച്ച് താമസിക്കാനായിരുന്നു ഇരുവരും തീരുമാനിച്ചിരുന്നത്. നടുവേദനയ്ക്കുള്ള കഷായമാണ് പെൺകുട്ടി കഴിച്ചിരുന്നത്. ഭയങ്കര കയ്പ്പായിരുന്നത് കാരണം പെൺകുട്ടിക്ക് കഴിക്കാൻ മടിയായിരുന്നു. ഇക്കാര്യം പറഞ്ഞ് ഷാരോൺ പെൺകുട്ടിയെ കളിയാക്കുമായിരുന്നു. അങ്ങനെയാണെങ്കിൽ നീയൊന്ന് ഇത് കഴിച്ചുനോക്കെന്ന് പറഞ്ഞതിനെ തുടർന്നാണ് വീട്ടിലെത്തിയ ദിവസം ഷാരോൺ കഷായം കുടിച്ചത്. കഷായം തീരുന്ന ദിവസമായിരുന്നതിനാൽ കുടിക്കാനുള്ളത് മാറ്റി വച്ച ശേഷം ബോട്ടിൽ പെൺകുട്ടി കഴുകി വച്ചു.

'കഷായം നല്ല കയ്പ്പായതിനാൽ മധുരമുള്ള എന്തെങ്കിലും വേണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് ശീതളപാനീയം വാങ്ങി കുടിച്ചു. അതോടെ അയാൾ ഛർദിച്ചു. രണ്ട്, മൂന്ന് തവണ വൊമിറ്റ് ചെയ്ത ശേഷം ബൈക്കിൽ പോകുമ്പോഴും ഇത് തുടർന്നെന്ന് പറയുന്നു. അന്നേദിവസം വീട്ടിൽ എത്തിയപ്പോൾ ഒട്ടും വയ്യ എന്നാണ് അവൻ പെൺകുട്ടിയോട് പറഞ്ഞത്. ഇതിന് മുമ്പും രാവിലെ എണീക്കുമ്പോൾ ഷാരോണിന് ഛർദിയുണ്ടെന്നാണ് പെൺകുട്ടി പറയുന്നത്. ആദ്യം പോയ ആശുപത്രിയിൽ ശീതളപാനീയം കഴിച്ചു എന്ന് മാത്രമാണ് ഷാരോൺ പറഞ്ഞിരുന്നത്. കഷായം കഴിച്ച കാര്യം പറഞ്ഞില്ല. ആദ്യമേ ഇക്കാര്യം പറഞ്ഞിരുന്നെങ്കിൽ രക്ഷിക്കാൻ കഴിയുമായിരുന്നു. '

'ആശുപത്രിയിൽ നിന്നും വിവരം കിട്ടിയ ഉടൻ മജിസ്ട്രേറ്റിനെക്കൊണ്ട് ഞങ്ങൾ മൊഴി രേഖപ്പെടുത്തി. ഒരു ചെറുപ്പക്കാരന്റെ ജീവിതമല്ലേ, ഇത്രയും ഗൗരവമേറിയ വിഷയമല്ലേ. എന്ത് സംഭവിച്ചുവെന്ന് അറിയണ്ടേ. പ്രതി ഇന്നയാളായിരിക്കുമെന്ന് ഉറപ്പിച്ച് മുൻവിധിയോടെയാണ് ഷാരോണിനെ കാണാൻ ഞാൻ പോകുന്നത്. പക്ഷേ ഷാരോൺ തന്ന മൊഴിയോടെ എന്റെ സംശയം ഇല്ലാതായി. തന്റെ ശരീരത്തിന് ഹാനികരമായ ഒന്നും അവൾ തരില്ലെന്നാണ് മജിസ്ട്രേറ്റിന് കൊടുത്ത മൊഴിയിൽ പറയുന്നത്. തനിക്ക് ഈ വിഷയത്തിൽ പരാതി ഇല്ലെന്നും പറയുന്നുണ്ട്. സംശയിക്കത്തക്ക കാര്യങ്ങളൊന്നും തങ്ങൾ തമ്മിൽ ഇല്ലായിരുന്നുവെന്നാണ് അവനും അവളും പറഞ്ഞത്. ഞങ്ങൾ ഡോക്ടറോട് സംസാരിച്ചപ്പോഴും സംശയമൊന്നും പറഞ്ഞിരുന്നില്ല.'- എസ് ഐ സജി പറഞ്ഞു.