
ന്യൂഡൽഹി: "പ്രധാനമന്ത്രി സംഗ്രഹാലയ""യിൽ (പ്രധാനമന്ത്രിമാരുടെ മ്യൂസിയം) നിലവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗാലറിയും ഒരുക്കുന്നു. ഇത് 2023 ജനുവരിയിൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് അധികൃതർ അറിയിച്ചു.
'പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗാലറിയും സംഗ്രഹാലയയിൽ ഒരുക്കുന്നു. ഇത് 2023 ജനുവരിയിൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും.' സാംസ്‌കാരിക മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഡൽഹിയിലെ തീൻ മൂർത്തി റോഡിൽ സ്ഥിതി ചെയ്യുന്ന മ്യൂസിയം കഴിഞ്ഞ ഏപ്രിൽ 14 നാണ് മോദി ഉദ്ഘാടനം ചെയ്തത്.
രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രി, ധനമന്ത്രി, മറ്റ് കേന്ദ്ര മന്ത്രിമാർ, മുഖ്യമന്ത്രിമാർ അടക്കമുള്ള പ്രമുഖർ നേരത്തെ മ്യൂസിയം സന്ദർശിച്ചിരുന്നു. കഴിഞ്ഞ ഏപ്രിൽ 21 നാണ് ഇത് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്.
സെപ്തംബർ 30 വരെ 1,15,161 പേരാണ് മ്യൂസിയം സന്ദർശിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. ഒക്ടോബർ 15ന് മാത്രം 3,233 പേരാണ് ഇവിടെ എത്തിയത്. രാഷ്ട്രനിർമ്മാണത്തിനായി ഇന്ത്യയിലെ പ്രധാനമന്ത്രിമാർ നൽകിയ സംഭാവനകളെ ഓർമിക്കുന്നതിനും ആദരിക്കുന്നതിനുമായിട്ടാണ് "പ്രധാനമന്ത്രി സംഗ്രഹാലയ" രൂപീകരിച്ചത്.