
കൊച്ചി: നൂറ്റിപ്പതിനഞ്ച് കിലോയിൽ നിന്ന് ശരീരഭാരം 49ൽ എത്തിച്ച 'ജിമ്മി'നോടുള്ള പ്രണയം ലക്ഷദ്വീപ് കവരത്തി സ്വദേശി ഹലിൻ അഹ്‌മദിന് സമ്മാനിച്ചത് ഫിറ്റ്നസ് ട്രെയിനറുടെ വേഷം! മൂന്ന് മക്കളുമൊത്തുള്ള ജീവിതത്തിൽ തുണയും ഇതുതന്നെ. കൊച്ചി പനമ്പിള്ളി നഗറിൽ മൂന്ന് ജീവനക്കാരുള്ള ഫിറ്റ് കഫീൻ ഫിറ്റ്നസ് എന്ന സ്ഥാപനത്തിന്റെ ഉടമയാണിന്ന് ഈ നാല്പതുകാരി. യു.കെ, യു.എ.ഇ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലുള്ളവർക്കും മറ്റ് സംസ്ഥാനങ്ങളിലുള്ളവർക്കും ഓൺലൈൻ ക്ലാസുകളും നൽകുന്നു.
ജീവിതം പോരാട്ടത്തിന്റേതായിരുന്നുവെന്ന് ഹലിൻ. 22-ാം വയസിൽ തിരുവനന്തപുരത്ത് ബി.ഡി.എസിന് പഠിക്കുമ്പോഴായിരുന്നു വിവാഹം. ഭർത്താവിന്റെ ക്രൂര മർദ്ദനത്തിൽ എല്ലുകൾ നുറുങ്ങി, ഇടതുവശം തളർന്നു. ആറ് മാസമെടുത്തു ശരിയാകാൻ. അതിനിടെ ദാമ്പത്യം തകർന്നു. പഠനം മുടങ്ങി. മറ്റൊരാളുമായി ലിവ് ഇൻ റിലേഷൻഷിപ്പ് ആരംഭിച്ചെങ്കിലും പരാജയമായി.
മാനസിക സമ്മർദ്ദവും അമിതഭക്ഷണ രീതിയുമാണ് ശരീരഭാരം 115 കിലോയിലെത്തിച്ചത്. ഇതിനിടെ ജീവിതമാർഗം തേടി മക്കളുമൊത്ത് ബംഗളൂരുവിലെത്തി. അത്താഴമുണ്ടാക്കി വീടുകളിലെത്തിച്ച് കിട്ടുന്ന വരുമാനത്തിൽ ഒരുവിധം പിടിച്ചുനിന്നു. 2014ൽ അമിതഭാരം കുറയ്ക്കാൻ ജിമ്മിൽ പോയിത്തുടങ്ങിയത് വഴിത്തിരിവായി. ശരീരഭാരം കുറഞ്ഞതോടെ ഫിറ്റ്നസ് മേഖലയോട് കമ്പം കയറി. കോച്ച് ആകാനുള്ള സർട്ടിഫിക്കറ്റുകൾ നേടി ബംഗളൂരുവിൽ ഫ്രീലാൻസ് ഫിറ്റ്നസ് കോച്ചായി.
കഴിഞ്ഞവർഷം ജൂലായിലാണ് കൊച്ചിയിലേക്ക് താമസംമാറിയതും കഴിഞ്ഞ ജനുവരിയിൽ സ്ഥാപനം തുടങ്ങിയതും. പുലർച്ചെ നാലിന് ആരംഭിക്കുന്ന ട്രെയിനിംഗ് രാത്രി പത്തുവരെ തുടരും. അനുജത്തി ഹജ്ന അഹ്‌മദും അച്ഛൻ പി.യു അഹ്‌മദും അമ്മ നസീമയും സുഹൃത്തുക്കളും സഹായത്തിനുണ്ട്. ഫിറ്റ്നസ് ട്രെയിനിംഗ് സൃഷ്ടിച്ച മാറ്റം ചെറുതല്ലെന്ന് ഹലിൻ പറയുന്നു. ജീവിതവിജയത്തിലേക്ക് നയിച്ചത് ഫിറ്റ്നസ് മേഖലയാണ്. പ്രായം ഒരു വെല്ലുവിളിയല്ലെന്നും ഹലിൻ പങ്കുവയ്ക്കുന്നു.