
ന്യൂഡൽഹി: കഷ്ടകാലം ഒഴിയാതെ വന്ദേഭാരത് എക്സ്പ്രസ്. ഗാന്ധിനഗർ- മുംബയ് റൂട്ടിലെ ട്രെയിൻ ഒരു കാളയെ ഇടിച്ചിട്ടു. ഒരു മാസത്തിനിടെ ഇത് മൂന്നാമത്തെ സംഭവമാണ്. അതുൽ റെയിൽവേ സ്റ്റേഷന് സമീപം രാവിലെ 8.17നായിരുന്നു അപകടം. ഇതേത്തുടർന്ന് 15 മിനിട്ടോളം ട്രെയിൻ നിർത്തിയിട്ടു. കാള റെയിൽവേ ട്രാക്കിൽ നിൽക്കുകയായിരുന്നു. ഇടിയേറ്റ കാള ചത്തു. ട്രെയിനിന്റെ മുൻഭാഗത്ത് മാത്രമാണ് തകരാർ സംഭവിച്ചത്. മറ്റ് പ്രശ്നങ്ങളൊന്നും ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം യാത്ര പുനരാരംഭിച്ചു.
കന്നുകാലികളുമായുള്ള കൂട്ടിയിടി ഒഴിവാക്കാൻ കഴിയില്ലെന്നും ഇതെല്ലാം മനസിലാക്കിയാണ് ട്രെയിൻ രൂപകൽപ്പന ചെയ്തതെന്നും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അടുത്തിടെ പറഞ്ഞിരുന്നു. വന്ദേ ഭാരത് സീരീസിന് കീഴിലുള്ള മൂന്നാമത്തെ സർവീസായ ഈ ട്രെയിൻ കഴിഞ്ഞ മാസം ഗാന്ധിനഗറിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഫ്ലാഗ് ഓഫ് ചെയ്തത്. വെറും രണ്ട് മിനിട്ടിനുള്ളിൽ 160 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിവുള്ളതാണ് വന്ദേഭാരത് ട്രെയിനുകൾ. മറ്റ് ട്രെയിനുകളെ അപേക്ഷിച്ച് ഇവ മികച്ച യാത്രാസുഖം നൽകുമെന്നും റെയിൽവേ അവകാശപ്പെടുന്നു.