v-d-satheesan

കോഴിക്കോട്: സര്‍ക്കാര്‍-ഗവര്‍ണര്‍ പോരില്‍ പ്രതിപക്ഷ നേതാവിന്റെ നിലപാടിനോട് മുസ്ലീം ലീഗിന് അതൃപ്തിയെന്ന മാദ്ധ്യമ വാര്‍ത്തകള്‍ക്കിടെ മികച്ച രാഷ്ട്രീയ നേതാവിനുള്ള ബി.വി. അബ്ദുല്ലക്കോയ പുരസ്‌ക്കാരം വി.ഡി സതീശന് നല്‍കി ലീഗ് നേതൃത്വം. ഗവര്‍ണര്‍- സര്‍ക്കാര്‍ പോര് വ്യാജ ഏറ്റുമുട്ടല്‍ മാത്രമാണെന്ന സതീശന്റെ നിലപാടിനൊപ്പമാണ് ലീഗും യു.ഡി.എഫുമെന്ന് വ്യക്തമാക്കുന്നതായിരുന്നു പുരസ്‌കാരദാന ചടങ്ങ്. ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങള്‍, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, ഡോ. എം.കെ മുനീര്‍ എം.എല്‍.എ ഉള്‍പ്പെടെയുള്ള ലീഗ് നേതാക്കള്‍ പങ്കെടുത്ത പ്രൗഢ ഗംഭീരമായ ചടങ്ങിലാണ് പ്രതിപക്ഷ നേതാവ് ബി.വി അബ്ദുള്ളക്കോയ പുരസ്‌കാരം പ്രതിപക്ഷ നേതാവിന് സമ്മാനിച്ചത്.

ഒക്ടോബര്‍ 27ന് കോഴിക്കോട് നടന്ന ചടങ്ങില്‍ ബി.വി. അബ്ദുല്ലക്കോയ പുരസ്‌ക്കാരം സമ്മാനിച്ചത് ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് കേരളത്തിന്റെ പ്രതിപക്ഷ നേതാവിന് നല്‍കുന്ന പൂര്‍ണ്ണ പിന്തുണയാണെന്നാണ് വിലയിരുത്തല്‍. പ്രതിപക്ഷനേതാവിന്റെ വിട്ടു വീഴ്ചയില്ലാത്ത മതേതര നിലപാടിനുള്ള അംഗീകാരമാണ് ഈ പുരസ്‌കാരമെന്നാണ് സാദിഖലി ശിഹാബ് തങ്ങള്‍ പരസ്യമായി പ്രഖ്യാപിച്ചത്. ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് കേരളത്തിന്റെ പ്രതിപക്ഷ നേതാവിന് നല്‍കുന്ന പൂര്‍ണ്ണ പിന്തുണയാണ് ബി.വി. അബ്ദുല്ലക്കോയ പുരസ്‌ക്കാരമെന്നായിരുന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞത്.

ഗവര്‍ണര്‍ സര്‍ക്കാര്‍ പോരില്‍ യു.ഡി.എഫില്‍ ഭിന്നത, പ്രതിപക്ഷ നേതാവും ലീഗും തമ്മില്‍ ഭിന്നത തുടങ്ങിയ വാര്‍ത്തക്കള്‍ ഒരു പ്രത്യേക ലക്ഷ്യത്തോടെ ചില മാദ്ധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതിനിടയിലാണ് ലീഗ് വേദിയില്‍ വി.ഡി സതീശന്‍ എത്തിയതും സാദിഖലി ശിഹാബ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും എം.കെ. മുനീറും അടക്കമുള്ള ലീഗ് നേതൃത്വം പ്രതിപക്ഷ നേതാവിന്റെ നിലപാടുകള്‍ക്ക് പൂര്‍ണ് പിന്തുണ പ്രഖ്യാപിച്ചതെന്നതും ശ്രദ്ധേയമാണ്.

മലബാര്‍ രാഷ്ട്രീയത്തില്‍ ലീഗ് കടുത്ത മത്സരം നേരിടുന്നതിനിടെ കോണ്‍ഗ്രസില്‍ നിനുള്ള മതേതര ശബ്ദങ്ങള്‍ക്ക് മലബാര്‍ രാഷ്ട്രീയത്തില്‍ വലിയ സ്വീകാര്യതയുണ്ട്. കെ. കരുണാകരന് ശേഷം മതേതര നിലപാടില്‍ ഒട്ടും വെള്ളം ചേര്‍ക്കാത്ത രാഷ്ട്രീയമാണ് വി.ഡി.സതീശന്റേത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്ത് വര്‍ഗീയ വാദികളുടെ വോട്ട് വേണ്ട എന്ന സതീശന്റെ നിലപാട് വലിയ സ്വീധനം ചെലുത്തി. തൃക്കാക്കരയ്ക്കും എറണാകുളത്തിനും പുറത്ത് മലബാറിലാണ് ഈ രാഷ്ട്രീയം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത്. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് 100 ശതമാനം വിശ്വസിക്കാവുന്നയാളെന്ന പ്രതിച്ചായയാണ് സതീശന്‍ നേടിയത്.

ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗീയതയോട് വിട്ടുവീഴ്ച ചെയ്യാത്ത പ്രതിപക്ഷ നേതാവിന്റെ ഉറച്ച നിലപാടുകള്‍ പരോക്ഷമായി ഗുണം ചെയ്യുന്നത് ലീഗിന് കൂടിയാണ്. ലീഗില്‍ നിന്നും അകന്നുപോയ വോട്ടുകള്‍ മതേതര നിലപാടില്‍ വെള്ളം ചേര്‍ക്കാത്ത പൊതുരാഷ്ട്രീയം പറഞ്ഞ് തിരിച്ചെത്തിക്കാന്‍ കഴിയും. ന്യൂനപക്ഷ ഭൂരിപക്ഷ വിഭാഗങ്ങള്‍ക്ക് ഒരുപോലെ സ്വാധീനമുള്ള തൃക്കാക്കരയില്‍ ഇരുപത്തി അയ്യായിരത്തില്‍ അധികം വോട്ടിന്റെ ഭൂരിപക്ഷമാണ് മതേതര രാഷ്ട്രീയം പറയുന്നതിനപ്പുറം പ്രവൃത്തിയിലും നിലപാടിലും അത് തെളിയിക്കുന്ന പ്രതിപക്ഷ നേതാവിനെ ലീഗിന് സ്വീകാര്യനാക്കുന്നത്.

പാണക്കാട്ടെ ഉന്നത നേതൃത്വവുമായി അടുത്ത വ്യക്തബന്ധം സൂക്ഷിക്കുന്ന സതീശന്‍ ലീഗിലെ ഇരു വിഭാഗങ്ങള്‍ക്കും ഒരു പോലെ സ്വീകാര്യനുമാണ്. ഗവര്‍ണര്‍ - സര്‍ക്കാര്‍ പോരില്‍ യു.ഡി.എഫിന്റെ രാഷ്ട്രീയയിടം കാത്തുസൂക്ഷിച്ച് മാത്രമേ നിലപാടെടുക്കാന്‍ കഴിയൂവെന്നതായിരുന്നു പ്രതിപക്ഷ നേതാവിന്റെ നിലപാട്. സര്‍വകലാശാലകളിലെ കെടുകാര്യസ്ഥത പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ മുതല്‍ കോണ്‍ഗ്രസും യു.ഡി.എഫും കടുത്ത ഭാഷയില്‍ വിമര്‍ശിച്ചതാണ്. അതിന് അനുകൂലമായി ഗവര്‍ണര്‍ നിലപാട് സ്വീകരിക്കുമ്പോള്‍ അതിനെ തള്ളിക്കളയാന്‍ രാഷ്ട്രീയമായി കോണ്‍ഗ്രസിന് കഴിയില്ല. ആ സാഹചര്യത്തില്‍ ഗവര്‍ണറെ എതിര്‍ത്ത് സര്‍ക്കാരിനെ അനുകൂലിച്ചിരുന്നുവെങ്കില്‍ യു.ഡി.എഫിന്റെ രാഷ്ട്രീയ ഇടം പിണറായി കൊണ്ടു പോകുമായിരുന്നു.

അതുകൊണ്ടാണ് സുപ്രീം കോടതി വിധിയെ പൂര്‍ണമായി പിന്‍താങ്ങി വി.സിമാര്‍ ഒഴിയണമെന്ന നിലപാട് പ്രതിപക്ഷ നേതാവ് സ്വീകരിച്ചത്. അതേസമയം സര്‍വകലാശാലകളില്‍ ആര്‍.എസ്.എസ് ഇടപെടലിന് ഗവര്‍ണര്‍ ശ്രമിച്ചാല്‍ പല്ലും നഖവും ഉപയോഗിച്ച് യു.ഡി.എഫ് എതിര്‍ക്കുമെന്ന് അര്‍ത്ഥശങ്കയ്ക്ക് ഇടമില്ലാത്ത വിധം വ്യക്തമാക്കുകയും ചെയ്തു. മുഖ്യമന്ത്രി- ഗവര്‍ണര്‍ ഒത്തുകളിയും ഒത്തുതീര്‍പ്പും പൊളിക്കുന്ന രാഷ്ട്രീയ നിലാപാടാണ് പ്രതിപക്ഷ നേതാവ് സ്വീകരിച്ചത്. രാഷ്ട്രീയ നിലപാടുകളിലെ ഈ കൃത്യതയ്ക്ക് മലബാറില്‍ ലഭിച്ച സ്വീകാര്യത തന്നെയാണ് ലീഗിനെയും പ്രതിപക്ഷ നേതാവ് വി.ഡി സതീശനിലേക്ക് ആകര്‍ഷിക്കുന്നത്.