
ഹൈദരാബാദ്: തെലങ്കാന രാഷ്ട്ര സമിതിയുടെ (ടി.ആർ.എസ്) എം.എൽ.എമാരെ ഓപ്പറേഷൻ താമരയിലൂടെ ബി.ജെ.പിയിലെത്തിക്കാനെത്തിയ മൂന്ന് ഇടനിലക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഹൈദരാബാദ് അസീസ് നഗറിലുള്ള ഫാം ഹൗസിനകത്തേയ്ക്ക് കടക്കാനുള്ള സന്ദേശം നൽകുന്നതിനായി പൊലീസും എം എൽ എമാരും തമ്മിൽ കോഡ് ഭാഷ ഉപയോഗിച്ചിരുന്നു. 'നാളികേരത്തിന്റെ വെള്ളം കൊണ്ടുവരൂ' എന്നതായിരുന്നു പൊലീസിനുള്ള കോഡ്.
അറസ്റ്റിന് മുൻപായി ഫാം ഹൗസിലെ ഹാളിൽ ക്യാമറ ഘടിപ്പിച്ചിരുന്നതായും സൈബരാബാദ് പൊലീസ് ആന്റി കറപ്‌ഷൻ ബ്യൂറോയ്ക്ക് സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ടി.ആർ.എസ് എം.എൽ.എമാരായ രേഗകാന്ത റാവു, ഗുവ്വല ബാലരാജു, ബീരം ഹർഷവർദ്ധൻ റെഡ്ഡി, പൈലറ്റ് രോഹിത് റെഡ്ഡി എന്നിവരുമായി ചർച്ച നടത്താനായിരുന്നു അറസ്റ്റിലായ വ്യവസായിയും ഡക്കാൻ പ്രൈഡ് ഹോട്ടൽ ഉടമയും കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡിയുടെ അടുപ്പക്കാരനുമായ നന്ദകുമാർ, ഹരിയാനയിലെ ഫരീദാബാദിൽ പുരോഹിതനായ സ്വാമി രാമചന്ദ്ര ഭാരതി എന്ന സതീഷ് ശർമ്മ, തിരുപ്പതി സ്വദേശി ഡി. സിംഹയാജുലു എന്നിവർ ഫാം ഹൗസിൽ എത്തിയത്. ഇവരുമായുള്ള സംഭാഷണം റെക്കോർഡ് ചെയ്യുന്നതിനായി രോഹിത് റെഡ്ഡിയ്ക്ക് വോയ്‌സ് റെക്കോർഡർ നൽകിയിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
അറസ്റ്റിലായവരിൽ നിന്ന് 15 കോടി രൂപ പിടികൂടിയിരുന്നു. നൂറ് കോടി രൂപ മുതൽ അൻപത് കോടി രൂപവരെയാണ് എം എൽ എമാർക്ക് ഓഫർ ചെയ്തത്. പ്രധാനപ്പെട്ട സ്ഥാനങ്ങളും വാഗ്ദ്ധാനം ചെയ്തു. ബി ജെ പിയിൽ ചേർന്നില്ലെങ്കിൽ ക്രിമിനൽ കേസുകളിൽ പെടുത്തുമെന്നും ഇഡിയുടെയും സിബിഐയുടെയും റെയ്‌ഡുകൾ നേരിടേണ്ടി വരുമെന്നും എം എൽ എമാരെ ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്. കാര്യങ്ങൾ ഏകോപിപ്പിച്ചതും മറ്റ് രണ്ട് പേരെ ഹൈദരാബാദിലെത്തിച്ചതും നന്ദകുമാറാണ്. ഇവർ വന്ന കാറും നിരവധി ബാഗുകളും പൊലീസ് പിടിച്ചെടുത്തിരുന്നു. രോഹിത് റെഡ്ഡി എം.എൽ.എ വിവരം നൽകിയതിനെ തുടർന്നായിരുന്നു റെയ്ഡ്. അറസ്റ്റ് ചെയ്ത മൂന്ന് പേരെയും കനത്ത സുരക്ഷയിൽ മൊയ്നാബാദ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്.