sharon

തിരുവനന്തപുരം: കഷായവും ശീതളപാനീയവും കുടിച്ചതിനെ തുടർന്ന് പാറശാല സ്വദേശി ഷാരോൺ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വാട്സാപ്പ് സന്ദേശങ്ങൾ പുറത്ത്. പാനീയം കുടിച്ച ഷാരോൺ രാജിന് അസ്വസ്ഥതകൾ അനുഭവപ്പെട്ട് തുടങ്ങിയ ശേഷം നടത്തിയ വാട്സാപ്പ് സന്ദേശമാണ് പുറത്തുവന്നത്. കഷായം കുടിച്ച കാര്യം വീട്ടിൽ പറഞ്ഞിട്ടില്ലെന്നാണ് പുറത്തുവന്ന വാട്സാപ്പ് സന്ദേശത്തിൽ ഷാരോൺ പെൺകുട്ടിയോട് പറയുന്നത്. ഡേറ്റ് കഴിഞ്ഞ ജ്യൂസ് കുടിച്ചതാണ് പ്രശ്ന കാരണമെന്നും ഷാരോൺ പറയുന്നുണ്ട്. ജ്യൂസിൽ ചില സംശയങ്ങളുണ്ടെന്ന് കാമുകി ഷാരോണിനോട് പറയുന്നതും പുറത്ത് വന്ന വാട്സാപ്പ് സന്ദേശത്തിലുണ്ട്. ഷാരോൺ കാമുകിയുമായി നടത്തിയ അവസാന വാട്സാപ്പ് സന്ദേശമാണ് പുറത്തുവന്നത്.

അതേസമയം, ഷാരോണും പെൺകുട്ടിയുമായുള്ള വാട്സാപ്പ് ചാറ്റുകൾ കൂടാതെ, പെൺകുട്ടി ഷാരോണിന്റെ സുഹൃത്തുക്കളുമായി നടത്തിയ ഫോൺ സംഭാഷണവും വീട്ടുകാർ പുറത്തുവിട്ടു. താൻ കുടിച്ചുകൊണ്ടിരുന്ന കഷായമാണ് ഷാരോണിന് നൽകിയതെന്ന് പെൺകുട്ടി പറയുന്നത് ഓഡിയോയിലുണ്ട്. രാവിലെയും കഷായം കുടിച്ചിരുന്നു. കയ്പ്പുണ്ടോയെന്ന് ഷാരോൺ ചോദിച്ചപ്പോഴാണ് കഷായം നൽകിയത്. കഷായത്തിന്റെ അവസാന ഡോസായിരുന്നുവെന്നും, താൻ കഴിച്ചതിന്റെ ബാക്കിയാണ് നൽകിയതെന്നുമാണ് പെൺകുട്ടി പറയുന്നത്. ഇവിടെനിന്ന് വിഷമൊന്നും കൊടുത്തിട്ടില്ലെന്ന് ഉറപ്പുണ്ടെന്നും പെൺകുട്ടി ഷാരോണിന്റെ സുഹൃത്തിനോട് പറയുന്നു.