
ബോളിവുഡിലും തെന്നിന്ത്യയിലും ഏറെ ആരാധകരുള്ള നായികയാണ് അദിതി റാവു ഹൈദരി. സ്വതസിദ്ധമായ അഭിനയവും 'മേക്കപ്പ് ലെസ് ഫേസും' താരത്തെ മറ്റ് നടിമാരിൽ നിന്നും വ്യത്യസ്താക്കുന്നു. സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയവും അദിതി കീഴടക്കിയിരുന്നു. അതിനിടെ പിറന്നാൾ ദിനത്തിൽ അദിതി റാവുവിന് നടൻ സിദ്ധാർത്ഥ് അയച്ച സന്ദേശം ഏറെ ശ്രദ്ധനേടുകയാണ്.
കഴിഞ്ഞ ദിവസമായിരുന്നു താരം തന്റെ 36ാം ജന്മദിനം ആഘോഷിച്ചത്. സെലിബ്രിറ്റികളടക്കം നിരവധി പേർ അദിതിയ്ക്ക് ആശംസകൾ അറിയിച്ച് എത്തിയിരുന്നു. ഹൃദയത്തിന്റെ രാജകുമാരിയ്ക്ക് ആശംസകൾ എന്നായിരുന്നു സിദ്ധാർത്ഥ് ജന്മദിനാശംസ നേർന്ന് കുറിച്ചത്. വലിയ സ്വപ്നങ്ങൾ, ചെറിയ സ്വപ്നങ്ങൾ, ഇതുവരെ കാണാത്ത സ്വപ്നങ്ങൾ എന്നിങ്ങനെ നിന്റെ എല്ലാ സ്വപ്നങ്ങളും സാദ്ധ്യമാകാൻ പ്രാർത്ഥിക്കുന്നുവെന്നും താരം കൂട്ടിച്ചേർത്തു. 2021ൽ പുറത്തിറങ്ങിയ മഹാസമുദ്രം എന്ന സിനിമയിലാണ് ഇരുവരും ആദ്യമായി ഒന്നിച്ചത്. ഇതിന് പിന്നാലെ ഇരുവരും പ്രണയത്തിലാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
സിദ്ധാർത്ഥിന്റെ പിറന്നാളിന് അദിതി പങ്കുവച്ച കുറിപ്പും ഏറെ ചർച്ചയായിരുന്നു. 'എപ്പോഴും സ്വപ്നങ്ങളെയും മാന്ത്രികക്കുതിരകളെയും പിന്തുടരുന്നവന് ആശംസകൾ. എപ്പോഴും മാന്ത്രികത നിറഞ്ഞവനും നിറഞ്ഞ ചിരിയുള്ളവനും ആയിരിക്കുക. എപ്പോഴും നിങ്ങളായിരിക്കുക . ഒരിക്കലും അവസാനിക്കാത്ത ചിരിയ്ക്കും സാഹസികതയ്ക്കും നന്ദി. നിങ്ങൾ എത്രമാത്രം സ്നേഹിക്കപ്പെടുന്നുണ്ടെന്ന് തിരിച്ചറിയൂ'- എന്നായിരുന്നു അദിതി പങ്കുവച്ച കുറിപ്പ്.