kiwii

ന്യൂസിലൻഡ് 65 റൺസിന് ശ്രീലങ്കയെ വീഴ്ത്തി

ഗ്ലെൻ ഫിലിപ്സിന് സെഞ്ച്വറി, കളിയിലെ താരം

സിഡ്നി: ട്വന്റി-20 ലോകകപ്പിൽ സൂപ്പർ 12 ഗ്രൂപ്പ് എയിൽ ഇന്നലെ നടന്ന മത്സരത്തിൽ ഏഷ്യൻ ചാമ്പ്യൻമാരായ ശ്രീലങ്കയെ 65 റൺസിന് കീഴടക്കി ന്യൂസിലൻഡ് സെമി പ്രതീക്ഷക സജീവമാക്കി. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് തുടക്കത്തിൽ തക‌ർച്ച നേരട്ടെങ്കിലും ഗ്ലെൻ ഫിലിപ്സിന്റെ സൂപ്പർ സെഞ്ച്വറിയുടെ പിൻബലത്തിൽ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 167 റൺസെന്ന ഭേദപ്പെട്ട ടോട്ടൽ കണ്ടെത്തി. എന്നാൽ മറുപടിക്കിറങ്ങിയ ലങ്ക ട്രെൻഡ് ബൗൾട്ടിന്റെ നേതൃത്വത്തിലുള്ള

കിവി ബൗളിംഗ് ആക്രമണത്തിന് മുന്നിൽ ഇടറി വീഴുകയായിരുന്നു. 19.2 ഓവറിൽ 102 റൺസിന് അവർ ഓൾഔട്ടായി.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡിനെ ഗ്ലെൻ ഫിലിപ്സ് (64 പന്തിൽ 104)​ ഒറ്റയ്ക്ക് തോളിലേറ്രുകയായിരുന്നു. ഓപ്പണർമാരായ ഫിൻ അലൻ (1)​,​ഡെവൺ കോൺവേ (1)​,​ ക്യാപ്ടൻ കേൻ വില്യംസൺ (8)​ എന്നിവരെ തുടക്കത്തിലേ നഷ്ടമായതോടെ 4 ഓവറിൽ 15/3 എന്ന നിലയിലായിരുന്നു കിവികൾ. തുടർന്നാണ് ഫിലിപ്സ് രക്ഷാദൗത്യം ഏറ്റെടുക്കുന്നത്. ഡാരിൽ മിച്ചലിനൊപ്പം (22)​ നാലാം വിക്കറ്റിൽ 64 പന്തിൽ 84 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി കൂട്ടത്തകർച്ചയിൽ നിന്ന് ഫിലിപ്സ് ന്യൂസിലൻഡിനെ രക്ഷിച്ചു. ടീം സ്കോർ 99ൽ വച്ച് വാനിൻഡു ഹസരങ്ക മിച്ചലിനെ മടക്കിയെങ്കിലും മറുവശത്ത് തകർത്താടിയ ഫിലിപ്സ് കിവികളെ സുരക്ഷിത സ്കോറിൽ എത്തിക്കുകയായിരുന്നു. 61 പന്തിൽ ഫലിപ്സ് സെഞ്ച്വറി കടന്നു. 10 ഫോറും 4 സിക്സും ഉൾപ്പെട്ടതാണ് ഫിലിപ്സിന്റെ ഇന്നിംഗ്സ്. സാന്റ്നർ (11)​ പുറത്താകാതെ നിന്നു. രജിത ലങ്കയ്ക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി.

കിവികളുയർത്തിയ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ലങ്കയ്ക്ക് അക്കൗണ്ട് തുറക്കുന്നതിന് മുന്നേ ആദ്യ ഓവറിലെ അ‍ഞ്ചാം പന്തിൽ പതും നിസ്സങ്കയെ (0)​ വിക്കറ്രിന് മുന്നിൽ കുടുക്കി ടിം സൗത്തി ആദ്യ പ്രഹരം എൽപ്പിച്ചു. തുട‌ർന്ന് ബൗൾട്ടിന്റെ കൃത്യതയ്ക്ക് മുന്നിൽ ചീട്ടുകൊട്ടാരം പോലെ തകർന്ന ലങ്ക ഒരു ഘട്ടത്തിൽ 5/24 എന്നനിലയിലായിരുന്നു. ഭനുക രജപക്സെ (34)​,​ ക്യാപ്ടൻ ഡസുൻ ഷനാക (35)​ എന്നിവരുടെ ചെറുത്ത് നില്പാണ് ലങ്കയെ 100 കടത്തിയത്. ഇവരെക്കൂടാതെ മറ്രാർക്കും ലങ്കൻ നിരയിൽ രണ്ടക്കം കടക്കാനായില്ല. ബൗൾട്ട് 4 ഓവറിൽ 13 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റ് വീഴ്ത്തി. സാന്റ്നറും സോധിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. രണ്ടാം ജയത്തോടെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള ന്യൂസിലൻഡിന് 3 മത്സരങ്ങളിൽ നിന്ന് 5 പോയിന്റാണ് ഉള്ളത്. മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് പോയിന്റുള്ള ശ്രീലങ്ക അഞ്ചാമതാണ്.