pelosi

വാഷിംഗ്ടൺ: യു.എസ് ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസിയുടെ ഭർത്താവ് പോൾ പെലോസിക്ക് നേരെ ആക്രമണം നടത്തിയ പ്രതിയെ തിരിച്ചറിഞ്ഞു. കാലിഫോ‌ർണിയ സ്വദേശി ഡേവിഡ് ഡിപാപ് (42) ആണ് അറസ്റ്റിലായത്. കൊലപാതകശ്രമം ഉൾപ്പെടെ ചുമത്തപ്പെട്ട ഇയാളെ സാൻഫ്രാൻസിസ്കോ കൗണ്ടി ജയിലിലേക്ക് മാറ്റും. നിലവിൽ ഇയാൾ ആശുപത്രിയിലാണ്. കാനഡയിൽ വളർന്ന തീവ്ര വലതുപക്ഷ ആക്ടിവിസ്റ്റായ ഡേവിഡ് 20 വർഷം മുമ്പാണ് കാലിഫോർണിയയിൽ താമസമാക്കിയതെന്ന് പറയുന്നു.

പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെ നാൻസിയുടെ സാൻഫ്രാൻസിസ്കോയിലെ വസതിയുടെ പിൻവാതിലിലൂടെ നുഴഞ്ഞുകയറിയ ഡേവിഡ് ' നാൻസി എവിടെ" എന്ന് ആക്രോശിച്ചുകൊണ്ട് 82കാരനായ പോളിന്റെ തലയ്ക്ക് ചുറ്റികയ്ക്ക് അടിക്കുകയായിരുന്നു. തലയോട്ടിയിൽ പൊട്ടലുണ്ടായ പോളിനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. സംഭവ സമയം നാൻസി വാഷിംഗ്ടണിലായിരുന്നു. നാൻസി വീട്ടിലെത്തുന്നതുവരെ പോളിനെ കെട്ടിയിടാനായിരുന്നു ഡേവിഡിന്റെ പദ്ധതി.

ആക്രമണത്തിനിടെ ഡേവിഡ് അറിയാതെ പോൾ തന്നെ എമ‌ർജൻസി സർവീസ് നമ്പറിലേക്ക് ഡയൽ ചെയ്തിരുന്നു. പൊലീസ് എത്തുമ്പോൾ അക്രമിയുമായി ചെറുത്തുനില്പ് നടത്തുന്ന പോളിനെയാണ് കണ്ടത്. ആക്രമണത്തെ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ അപലപിച്ചു. അതേസമയം, ആക്രമണത്തിന് പിന്നിലെ കാരണം പൊലീസ് വ്യക്തമാക്കിയിട്ടില്ല.