
തിരുവനന്തപുരം: വിലപിടിപ്പുള്ള ശ്രവണസഹായി നഷ്ടമായ ബധിര വിദ്യാർത്ഥി റോഷന് സഹായഹസ്തവുമായി തിരുവനന്തപുരം നഗരസഭ. റോഷന്റെ ശ്രവണ സഹായി തിരികെ ലഭിച്ചില്ലെങ്കിൽ പുതിയത് വാങ്ങി നൽകാനുള്ല നടപടികൾ നഗരസഭ കൈക്കൊള്ളുമെന്ന് മേയർ ആര്യാ രാജേന്ദ്രൻ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. തിരുവനന്തപുരം രാജാജി നഗർ സ്വദേശിയായ റോഷന്റെ ഒന്നര ലക്ഷം രൂപ വില വരുന്ന ശ്രവണ സഹായി അച്ഛനോടൊപ്പം ബൈക്കിൽ സഞ്ചരിക്കവേ സ്കൂൾ ബാഗിനോടൊപ്പമാണ് നഷ്ടമായത്.ശ്രവണ സഹായി ലഭിക്കുന്നവർ അറിയിക്കാനായി റോഷന്റെ അമ്മ പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയ വഴി വലിയ രീതിയിൽ പ്രചരിക്കുകയും വാർത്താ മാദ്ധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മേയർ വിഷയത്തിൽ ഇടപെട്ടത്.
ശ്രവണ സഹായി കണ്ട് കിട്ടുന്നവർ കോർപ്പറേഷനിൽ എത്തിക്കാനോ, 9895444067 എന്ന നമ്പർ മുഖേന ബന്ധപ്പെടാനോ ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. തിരികെ ലഭിച്ചില്ലെങ്കിൽ സ്പോൺഷർഷിപ്പിലൂടെ പുതിയ ശ്രവണ സഹായി വാങ്ങി നൽകാനും ശ്രമിക്കും. പുനർജ്ജനി പദ്ധതി പ്രകാരം നാല് മാസം മുൻപാണ് റോഷന് ഒന്നര ലക്ഷം രൂപ വിലയുള്ള ശ്രവണ സഹായി ലഭിച്ചത്.
മേയർ ആര്യാ രാജേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ്
"കഴിഞ്ഞ ദിവസം മാധ്യമ വാർത്തകളിലൂടെയാണ് തിരുവനന്തപുരം രാജാജി നഗർ സ്വദേശിയും വിദ്യാർത്ഥിയുമായ റോഷന്റെ അവസ്ഥ മനസിലാക്കുന്നത്. സ്ക്കൂളിൽ നിന്ന് വരുന്ന വഴിക്ക് ബധിര വിദ്യാർത്ഥിയായ റോഷന്റെ ശ്രവണ സഹായി നഷ്ടമായി.തന്റെ ജീവിതം മുന്നോട്ട് നയിച്ച എല്ലാമായിരുന്ന വിലപിടിപ്പുള്ള ശ്രവണ സഹായി നഷ്ടമായതോടെ ഈ വിദ്യാർത്ഥിയുടെ പഠനം വലിയ ബുദ്ധിമുട്ടിലായിരിക്കുകയാണ്.ഏതാണ്ട് ഒന്നര ലക്ഷം രൂപ വിലവരുന്ന ശ്രവണ സഹായി പെട്ടന്ന് വാങ്ങി നൽകാൻ പറ്റുന്ന സാഹചര്യമല്ല ഈ കുടുംബത്തിനുള്ളത്. നഷ്ടപെട്ട ബാഗ് തിരികെ ലഭിക്കാൻ ഒരു നാട് ഒന്നാകെ ശ്രമിക്കുകയാണ്. കണ്ട് കിട്ടുന്നവർ ദയവായി നഗരസഭയേയോ 9895444067 എന്ന നമ്പരിലോ അറിയിക്കുക.
മറ്റൊരു കാര്യം, നഷ്ടമായ ശ്രവണ സഹായി തിരികെ ലഭ്യമായില്ലെങ്കിൽ പുതിയൊരെണ്ണം ലഭ്യമാക്കുന്നതിന് വേണ്ട നടപടി നഗരസഭ സ്വീകരിക്കും. എന്തായാലും റോഷന്റെ പഠനം മുന്നോട്ട് കൊണ്ട് പോകേണ്ടതായിട്ടുണ്ട്. എല്ലാവരും ഒപ്പമുണ്ടാകുമല്ലോ" ....