elon-musk

ന്യൂയോർക്ക്: പ്രമുഖ മൈക്രോബ്ളോഗിംഗ് ആപ്ളിക്കേഷനായ ട്വിറ്ററിനെ ഏറ്റെടുത്ത ലോകത്തെ ഏറ്റവും സമ്പന്നനായ എലോൺ മസ്‌കിന്റെ നടപടി ടെക്‌നോളജി കമ്പനികൾക്കാകെ ക്ഷീണമായി. ഇവയുടെ തലപ്പത്തുള്ളവരുടെ ആസ്‌തി കുത്തനെ ഇടിയുകയും ചെയ്‌തു.

ടെസ്‌ല,​ സ്‌പേസ്എക്‌സ് എന്നിവയുടെയും സി.ഇ.ഒയായ മസ്‌കിന്റെ ആസ്‌തിയിൽ 1,​000 കോടി ഡോളറാണ് (ഏകദേശം 82,​268 കോടി രൂപ)​ കുറഞ്ഞതെന്ന് ബ്ളൂംബെർഗ് ശതകോടീശ്വര സൂചിക വ്യക്തമാക്കുന്നു. ബ്ളൂംബെർഗിന്റെ റിയൽടൈം കണക്കുപ്രകാരം 20,​400 കോടി ഡോളറാണ് മസ്‌കിന്റെ ആകെ ആസ്‌തി (16.78 ലക്ഷം കോടി രൂപ)​.

ഏപ്രിലിലാണ് മസ്‌ക് ട്വിറ്ററിനെ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചത്. തുടർന്ന് ഏറ്റെടുക്കൽ യാഥാർത്ഥ്യമായപ്പോഴേക്കും പ്രതീക്ഷിച്ച ചെലവ് കൂടി. ഇതാണ് മസ്‌കിന് തിരിച്ചടിയായത്. ട്വിറ്ററിനെ മസ്‌ക് ഏറ്റെടുത്തതിന് പിന്നാലെ ജനറൽ മോട്ടോഴ്സ് അടക്കം ഒട്ടേറെ കമ്പനികൾ ട്വിറ്ററിൽ പരസ്യം നൽകുന്നത് നിറുത്തി.

പലിശനിരക്ക് വർദ്ധനയും സാമ്പത്തിക അനിശ്ചിതത്വവും നിലനിൽക്കേ പരസ്യവരുമാനം കുറയുമെന്ന ഭീതികൂടി ഉയർന്നതോടെ മറ്റ് ഐ.ടി/ടെക്‌നോളജി കമ്പനികളുടെ ഓഹരിവിലയും ഇടിയുകയായിരുന്നു. ഏപ്രിലിന് ശേഷം ഫേസ്‌ബുക്ക്,​ വാട്‌സ്ആപ്പ് എന്നിവയുടെ മാതൃകമ്പനിയായ മെറ്റയുടെ ഓഹരിവില ഇടിഞ്ഞത് 53 ശതമാനമാണ്.

ലോകത്തെ ഏറ്റവും സമ്പന്നരിൽ ആദ്യ അഞ്ചിലുണ്ടായിരുന്ന മെറ്റ മേധാവി മാർക്ക് സക്കർബർഗ് ഇപ്പോൾ 28-ാം സ്ഥാനത്താണ്. 10,​000 കോടിയിലേറെ ഡോളറാണ് (8.22 ലക്ഷം കോടി രൂപ)​ അദ്ദേഹത്തിന്റെ ആസ്‌തിയിൽ നിന്ന് ചോർന്നത്. ട്വിറ്റർ സഹസ്ഥാപകൻ ജാക്ക് ഡോഴ്സി,​ നിക്ഷേപകൻ അൽവലീദ് ബിൻ തലാൽ അൽ-സൗദ് രാജകുമാരൻ എന്നിവരുടെ ആസ്തിയും ഇടിഞ്ഞിട്ടുണ്ട്.

ഉപദേശക സമിതി

രൂപീകരിക്കാൻ മസ്‌ക്

ട്വിറ്ററിന്റെ പുതിയ നയരൂപീകരണം ലക്ഷ്യമിട്ട് പ്രത്യേക സമിതിയെ നിയോഗിക്കുമെന്ന് എലോൺ മസ്‌ക് വ്യക്തമാക്കി. ട്വീറ്റിലെ ഉള്ളടക്കങ്ങൾ,​ സസ്‌പെൻഡ് ചെയ്യപ്പെട്ട അക്കൗണ്ടുകൾളുടെ പുനഃസ്ഥാപനം തുടങ്ങിയ കാര്യങ്ങളിൽ സമിതിയുടെ നിർദേശം ലഭിച്ചശേഷമേ മസ്‌ക് തീരുമാനമെടുക്കൂ.