
ന്യൂഡൽഹി: ഗാന്ധിനഗർ-മുംബയ് റൂട്ടിലോടുന്ന വന്ദേ ഭാരത് എക്‌സ്‌പ്രസ് കാളയെ ഇടിച്ച് തകരാറിലായി. ഒരു മാസത്തിനിടെയുണ്ടാകുന്ന മൂന്നാമത്തെ സംഭവമാണിത്. ഇന്നലെ രാവിലെ 8.17ഓടെ അതുൽ റെയിൽവേ സ്റ്രേഷന് സമീപമാണ് അപകടമുണ്ടായത്. ഇതേത്തുടർന്ന് ട്രെയിൻ സർവീസ് 15 മിനിട്ടോളം തടസ്സപ്പെട്ടു. ട്രാക്കിലേക്ക് കയറിയ കാളയെ ട്രെയിൻ ഇടിക്കുകയായിരുന്നു. ആഘാതത്തിൽ ട്രെയിനിന്റെ മുന്നിലെ നോസ് കോൺ കവർ തകർന്നു.
ഈ മാസം ആദ്യം ഗുജറാത്തിലെ ആനന്ദ് സ്റ്റേഷന് സമീപം നാല് പോത്തുകളെ ഇടിച്ചതിനെത്തുടർന്ന് വന്ദേഭാരത് എക്‌സ്‌പ്രസ് ഇപ്രകാരം തകരാറിലായിരുന്നു. പിറ്റേ ദിവസം ഈ ട്രെയിൻ ഒരു പശുവിനെ ഇടിച്ചു വീണ്ടും തകരാറിലായി. കന്നുകാലികൾ മുന്നിൽ വന്നു പെടുന്നത് ഒഴിവാക്കാനാകില്ല. ഇത് കണക്കുകൂട്ടിയാണ് ട്രെയിൻ രൂപകല്പന ചെയ്തിട്ടുള്ളതെന്നും നോസ് കോൺ കവർ ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും അടുത്തിടെ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞിരുന്നു.
ഇത്തരം അപകടമുണ്ടായാലും ട്രെയിനിന്റെ മറ്റു ഭാഗങ്ങളിൽ ആഘാതമുണ്ടാകാതിരിക്കാനുള്ള പ്രത്യേക രൂപകല്പനയാണ് വന്ദേഭാരതിനുള്ളത്.