
തിരൂർ: മലപ്പുറം തിരൂരിൽ വീടിനടുത്തുള്ള കുളത്തിൽ വീണ് രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. മൂന്നും നാലും വയസ്സുള്ള കുട്ടികളാണ് ദാരുണമായ അപകടത്തിൽ മരണമടഞ്ഞത്. തിരൂർ അഗ്നിശമന സേനാ ഓഫീസിന് സമീപം തൃക്കണ്ടിയൂരിൽ നടന്ന സംഭവത്തിൽ അമന്‍ സയിന്‍ (3), റിയ ഫാത്തിമ (4) എന്നിവരാണ് മരിച്ചത്. കാവുങ്ങപറമ്പില്‍ നൗഷാദിന്റേയും നജ്‌ലയുടേയും മകനാണ് അമന്‍ സയിന്‍.പാറപ്പുറത്ത് ഇല്ലത്ത് വീട്ടില്‍ റഷീദിന്റെയും റഹിയാനത്തിന്റെയും മകളാണ് റിയ ഫാത്തിമ. ഇന്ന് ഉച്ചയോടെ പ്രദേശത്തുള്ള പെരുങ്കൊല്ലം കുളം എന്നറിയപ്പെടുന്ന കുളത്തിലാണ് അപകടമുണ്ടായത്.
അയൽവാസികളും ബന്ധുക്കളുമായ കുട്ടികൾ കളിക്കാനായി വീടിന് പുറത്തേയ്ക്കായി ഇറങ്ങിയതായാണ് വിവരം. കുട്ടികളെ വീടിന്റെ പരിസരത്ത് കാണാതായതോടെ സമീപത്തെ അംഗനവാടിയിലടക്കം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് നടന്ന അന്വേഷണത്തിലാണ് സമീപത്തുള്ള കുളത്തിൽ നിന്നും കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. കുളത്തിന്റെ പ്രവേശനകവാടത്തിലെ ഗെയ്റ്റ് പൂട്ടിയിരുന്നതായാണ് വിവരം. കുട്ടികളുടെ മൃതദേഹങ്ങൾ തിരൂർ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.