
കൊച്ചി: കലൂരിൽ രോഗിയുമായി ആശുപത്രിയിലേയ്ക്ക് പോവുകയായിരുന്ന ആംബുലൻസ് അപകടത്തിൽപ്പെട്ട് മറിഞ്ഞു. ആംബുലൻസിന് ഉള്ളിലുണ്ടായിരുന്ന രോഗി മരണപ്പെട്ടു. പറവൂർ കരിങ്ങാംതുരുത്തു മുണ്ടോളി പള്ളത്ത് വീട്ടിൽ വിനീതയാണ് (65) മരിച്ചത്. അപകടത്തിന് ശേഷം വിനീതയെ ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പറവൂരിലെ ഡോൺ ബോസ്കോ ആശുപത്രിയിൽ നിന്നും വിദഗ്ദ ചികിത്സയ്ക്കായി കൊച്ചിയിലെ ലിസി ആശുപത്രിയിലേയ്ക് രോഗിയെ കൊണ്ട് പോകുന്നതിനിടയിലായിരുന്നു അപകടമുണ്ടായത്.
വൈകിട്ട് 3.20-നോടടുപ്പിച്ച് കലൂർ സിഗ്നലിന് മുന്നിലെ യുടേണിലേയ്ക്ക് തിരിയുന്നതിനിടയിൽ ഒരു ബൈക്ക് മുന്നിലേയ്ക്ക് കുതിച്ച് കയറിയതോടെയാണ് ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. നാട്ടുകാർ ഇടപെട്ട് മറിഞ്ഞ ആംബുലൻസിനെ ഉയർത്തി പരിക്കേറ്റ രോഗിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ആംബുലൻസ് ഡ്രൈവർക്കെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യാ കുറ്റം ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.