kangana

ന്യൂഡൽഹി: ജനങ്ങൾ ആഗ്രഹിച്ചാൽ, ബിജെപി ടിക്കറ്റ് നൽകുകയും ചെയ്‌താൽ തന്റെ ജന്മനാട്ടിൽ നിന്നും തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറാണെന്ന് ബോളിവുഡ് താരം കങ്കണ റണാവത്. ഹിമാചൽ പ്രദേശിലെ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഷിംലയിൽ 'പഞ്ചായത്ത് ആജ് തക് ഹിമാചൽ പ്രദേശ്' എന്ന പരിപാടിയിൽ പങ്കെടുക്കവെയാണ് നടി തന്റെ രാഷ്‌ട്രീയ പ്രവേശന സന്നദ്ധത അറിയിച്ചത്.

ജനങ്ങൾ ആഗ്രഹിച്ചാൽ മാണ്ഡിയിൽ നിന്നും ജനവിധി തേടാൻ മടിയില്ല എന്നാണ് നടി അറിയിച്ചത്. ഹിമാചൽ പ്രദേശിലെ നാല് ലോക്‌സഭാ മണ്ഡലങ്ങളിലൊന്നാണ് മാണ്ഡി. ഇവിടെ നിന്നും വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള‌ള ആഗ്രഹമാണ് നടി പ്രകടിപ്പിച്ചതെന്ന് സൂചനയുണ്ട്. അതേസമയം വിഷയത്തിൽ ബിജെപി പ്രതികരണം ലഭിച്ചിട്ടില്ല.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ മഹാപുരുഷൻ എന്നാണ് നടി വിശേഷിപ്പിച്ചത്. ഹിമാചൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്‌മി പാർട്ടി നടത്തുന്ന പ്രചാരണത്തിനെ നടി എതിർത്തു. എഎപിയുടെ വ്യാജ വാഗ്‌ദാനങ്ങളിൽ ഹിമാചലിലെ ജനങ്ങൾ വീഴില്ലെന്നും സ്വന്തമായി സൗരോർജ്ജവും സ്വന്തമായി കൃഷിയും അവർ ചെയ്യുന്നുണ്ടെന്നും കങ്കണ പറഞ്ഞു. ആം ആദ്‌മി പാർട്ടിയുടെ സൗജന്യ വാഗ്‌ദാനം ജനം തള‌ളുമെന്നാണ് നടി അഭിപ്രായപ്പെട്ടത്.