
ലോകമെമ്പാടും ആരാധകരുള്ള ക്രിക്കറ്റ് താരങ്ങളിൽ ഒരാളാണ് വിരാട് കൊഹ്‌ലി എന്നത് തർക്കമില്ലാത്ത കാര്യമാണ്. പ്രത്യേകിച്ച് ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിൽ താരം തന്റെ ഉശിരൻ പ്രകടനം കൊണ്ട് ഇന്ത്യൻ ടീമിനെ വിജയത്തിലേയ്ക്ക് നയിച്ച സാഹചര്യത്തിൽ. ഫോമില്ലായ്മ മൂലം ഒരുപാട് പഴി കേട്ട വിരാട് കൊഹ്‌ലി നിർണായകമായ ലോകകപ്പ് മത്സരത്തിൽ തന്നെ ഐതിഹാസികമായ തിരിച്ച് വരവ് നടത്തിയതോടെ അദ്ദേഹത്തിന്റെ ആരാധകരും അത് വലിയ ആഘോഷമാക്കി മാറ്റി. എന്നാൽ അതിർത്തി താണ്ടി പാകിസ്ഥാനിൽ നിന്നുള്ല ക്രിക്കറ്റ് പ്രേമി കൊഹ്‌ലിയോടുള്ള തന്റെ ആരാധന കാണിക്കാൻ തിരഞ്ഞെടുത്ത വേറിട്ട മാർഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്.
കടൽ തീരത്തെ മണലിൽ താരത്തിന്റെ വമ്പൻ രേഖാചിത്രമാണ് പാകിസ്ഥാനിൽ നിന്നുള്ല ആരാധകൻ കൊഹ്‌ലിയോടുള്ള സ്നേഹം പ്രകടിപ്പിക്കാനായി തയ്യാറാക്കിയിരിക്കുന്നത്. പാകിസ്ഥാനി മാദ്ധ്യമങ്ങൾ പങ്കുവെയ്ക്കുന്ന വിവരപ്രകാരം ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഗദ്ദാനി എന്ന കലാകാരനാണ് മണലിൽ കൊഹ്‌ലിയെ വരച്ച് ഇന്റർനെറ്റിനെ അതിശയിപ്പിച്ചിരിക്കുന്നത്.
'ഐ ലൗവ് യു കൊഹ്‌ലി' എന്ന അടിക്കുറിപ്പോടെയുള്ള കൊഹ്‌ലിയുടെ രേഖാചിത്രം താരത്തിന്റെ ഇന്ത്യയിലുള്ള ആരാധകർ അടക്കം ഇതിനോടകം തന്നെ ഏറ്റെടുത്ത് കഴിഞ്ഞു. ടി20 ലോകകപ്പിൽ കൊഹ്‌ലി പുറത്താകാതെ പാകിസ്ഥാനെതിരായ നേടിയ 82 റൺസിന്റെ പിൻബലത്തിലായിരുന്നു ഇന്ത്യ സൂപ്പർ 12ലെ ആദ്യ മത്സരം വിജയിച്ചത്. അതിന് പിന്നാലെ സിംബാവെയോട് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയതോടെ പാകിസ്ഥാന്റെ ലോകകപ്പ് പ്രതീക്ഷകൾക്ക് വലിയ മങ്ങലേറ്റിരുന്നു. സിംബാവെയിൽ നിന്നും നേരിട്ട നാണംകെട്ട തോൽവിയുടെ പേരിൽ പാകിസ്ഥാൻ ക്രിക്കറ്റ് ടീമും ക്രിക്കറ്റ് ബോർഡും വിമർശന ശരങ്ങൾ ഏറ്റു വാങ്ങുന്നതിനിടയിലാണ് കൗതുകമായി കൊഹ്‌ലിയുടെ ചിത്രം പാകിസ്ഥാനിലെ കടൽ തീരത്ത് പ്രത്യക്ഷപ്പെട്ടത്.
A fan of Virat Kohli @imVkohli, from Balochistan made this amazing portray of #ViratKohli𓃵 using sand art to show his love for the greatest cricketer of our time. pic.twitter.com/GlHvI7ALwA
— Fazila Baloch🌺☀️ (@IFazilaBaloch) October 28, 2022