cpm-governer

ന്യൂഡൽഹി: ഗവ‌ർണറും സർക്കാരും തമ്മിലുള്ള വിയോജിപ്പ് ചർച്ച ചെയ്ത് സി പിഎം കേന്ദ്ര കമ്മിറ്റി. ഗവർണർ അരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനമാണ് കേന്ദ്രകമ്മിറ്റിയിൽ ഉയർന്നത്. പൊതു രാഷ്ട്രീയ സാഹചര്യങ്ങളുടെ ഭാഗമായാണ് കേരള ഗവർണറുടെ വിഷയം സിസി ചർച്ചയ്‌ക്കെടുത്തത്. ഗവർണറുടെ നടപടികൾ ഭരണഘടനാ വിരുദ്ധമാണെന്നും ഫെഡറൽ തത്വങ്ങൾക്ക് എതിരാണെന്നും ചർച്ചയിൽ വിലയിരുത്തി. ഗവർണർ ആർ എസ് എസ് അജണ്ട നടപ്പിലാക്കാൻ ശ്രമിക്കുകയാണെന്ന ആരോപണം കേന്ദ്ര കമ്മിറ്റിയിലും ആവർത്തിക്കപ്പെട്ടു. വിഷയം ദേശീയ തലത്തിൽ ഉന്നയിക്കാനും കേരളത്തിലെ ഇപ്പോഴുള്ല രാഷ്ട്രീയ സാഹചര്യത്തിൽ നിന്ന് മാറി ഗവർണർക്കെതിരെ പ്രതിപക്ഷത്തിന്റെ പിന്തുണ നേടാനുമാണ് സിപിഎം നീക്കം.

കേരളസർക്കാരും ഗവർണറും തമ്മിലുള്ല തർക്കത്തിന്റെ ഗൗരവതരമായ സ്വഭാവം ഉറപ്പിക്കുന്ന തരത്തിലായിരുന്നു വിഷയം സിസിയിൽ ചർച്ച ചെയ്തത്. ഗവർണർ മന്ത്രിമാർക്കെതിരെ നടത്തിയ ആരോപണങ്ങളും നീക്കങ്ങളുമടക്കം ചർച്ചയിൽ പരിഗണിക്കപ്പെട്ടു. ഭരണമില്ലാത്ത സംസ്ഥാനങ്ങളിലെ ബിജെപിയുടെ രാഷ്ട്രീയ ചട്ടുകമാണ് ഗവർണർമാരെന്ന് കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്ക് കുറ്റപ്പെടുത്തി. ഗവർണർക്കെതിരായ ചർച്ച നാളെയും തുടരും.അതേ സമയം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററെ പി ബിയിൽ ഉൾപ്പെടുത്തുന്നതും കേന്ദ്ര കമ്മിറ്റി ചർച്ച ചെയ്തു. കോടിയേരി ബാലകൃഷ്ണന് പകരം ഗോവിന്ദൻ മാസ്റ്റർക്ക് പിബി അംഗത്വം നൽകുന്ന കാര്യം കമ്മിറ്റി തുട‌ർന്ന് ചർച്ച ചെയ്യും.