sea

കോഴിക്കോട്: നൈനാംവളപ്പിൽ കോതി കടപ്പുറം നൂറ് മീറ്ററോളം ഉൾവലിഞ്ഞു. 30-35 മീറ്റർ മുതൽ നൂറ് മീറ്ററോളം പലയിടങ്ങളിലായി കടൽ ഉൾവലിയുകയായിരുന്നു. അപൂർവ പ്രതിഭാസം അറിഞ്ഞ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ജനങ്ങളുമെത്തിയതോടെ ഇവിടെ പൊലീസ് നിയന്ത്രണവുമുണ്ടായി. ശനിയാഴ്‌ച വൈകിട്ട് നാലുമണിയോടെയാണ് സംഭവം.

എന്നാൽ കടൽ ഉൾവലിഞ്ഞത് സാധാരണമായ പ്രതിഭാസമാണെന്നും സുനാമി മുന്നറിയിപ്പല്ലെന്നും ജില്ലാ കളക്‌ടർ ഡോ.എൻ. തേജ് ലോഹിത് റെഡ്‌ഡി അറിയിച്ചു. ആശങ്കപ്പെടേണ്ടതോ കരുതലെടുക്കേണ്ടതോ ആയ സാഹചര്യമില്ലെന്നാണ് വിലയിരുത്തൽ. ഫയർ ഫോഴ്‌സ്, പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും കടൽ പൂർവസ്ഥിതിയിലാകും വരെ ബീച്ചിൽ ഈ ഭാഗത്ത് പോകുന്നത് ശ്രദ്ധിക്കണമെന്ന് നാട്ടുകാർക്ക് മുന്നറിയിപ്പുണ്ട്.