stampade

സോൾ: ഹാലോവിൻ ആഘോഷങ്ങൾക്കിടയിൽ ദക്ഷിണ കൊറിയയിൽ വൻ ദുരന്തം. രാജ്യതലസ്ഥാനമായ സോളിലാണ് സംഭവം. 59 പേർ മരിച്ചതായും 150ലധികം പേർക്ക് പരിക്കേറ്റതായുമാണ് ഔദ്യോഗിക വിവരം. പരിക്കേറ്റവരെ സമീപമുള‌ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ഒരു ലക്ഷത്തോളം പേരെങ്കിലും ഹാലോവിൻ ആഘോഷം നടക്കുന്നയിടത്ത് ഉണ്ടായിരുന്നതായാണ് റിപ്പോ‌ർട്ടുകൾ. കൊവിഡ് മഹാമാരി ആരംഭിച്ച ശേഷം രാജ്യത്ത് ഇതാദ്യമായി മാസ്‌കില്ലാതെ പൊതുഇടങ്ങളിൽ ആഘോഷം അനുവദിച്ചതിനിടെയാണ് ദുരന്തമുണ്ടായത്.

മരണമടഞ്ഞവരിൽ പലരും ഹൃദയസ്‌തംഭനം കൊണ്ടോ ശ്വാസം മുട്ടിയോ ആണ് മരിച്ചത്. രക്ഷപെടാൻ ശ്രമിച്ച് പരിക്കേറ്റവരും ചികിത്സയിലുണ്ട്. സംഭവത്തെ തുടർന്ന് ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൾ അടിയന്തര യോഗം വിളിച്ചു. നിരവധി ജനങ്ങൾക്ക് കൃത്രിമ ശ്വാസം നൽകേണ്ടി വന്നു. ഇനിയും മരണനിരക്ക് ഉയരാനാണ് സാദ്ധ്യതയെന്നാണ് സൂചന. അപകടമുണ്ടായ ഉടൻ പൊലീസ്, അഗ്നിരക്ഷാ സേന എന്നിവർ രക്ഷാപ്രവർത്തനത്തിനെത്തിയെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.