
ഉദിയൻകുളങ്ങര: ഉദിയൻകുളങ്ങര കവല മുതൽ ചെങ്കൽ-പൊഴിയൂർ റോഡിലെ രണ്ടടിയോളം ആഴമുള്ള കുഴികൾ യാത്രക്കാരുടെ ജീവന് അപകടഭീഷണി ഉയർത്തുന്നു. റോഡിലെ ദുരിതക്കാഴ്ചകൾ കണ്ടിട്ടും കാണാത്ത മട്ടിലാണ് അധികൃതർ. ഒരു വർഷം മുൻപ് ടാർ ചെയ്ത റോഡാണ് ഇത്തരത്തിൽ കുണ്ടും കുഴിയും നിറഞ്ഞ് അപകടാവസ്ഥയിലായിരിക്കുന്നത്. വാഹനങ്ങൾ മുന്നോട്ട് നീങ്ങാൻ കഴിയാത്തത്ര ഗതാഗതക്കുരുക്കിവിടെ ഏതു നേരവും അനുഭവപ്പെടാറുണ്ട്. ഉദിയൻകുളങ്ങര ജംഗ്ഷൻ,പൂർണാ ഓഡിറ്റോറിയം നട,വലിയവിള,ഈഴക്കോണം,വട്ടവിള എന്നിവിടങ്ങളിൽ അഗാധ ഗർത്തങ്ങൾ രൂപപ്പെട്ടിരിക്കുന്നതിനാൽ ഇരുചക്രവാഹനങ്ങൾ എന്നും അപകടത്തിൽപ്പെടുന്നത് പതിവാണ്. റോഡിന്റെ പരിതാപകരമായ ഈ അവസ്ഥ കണ്ടിട്ടും അധികൃതരിൽ നിന്നും വേണ്ട നടപടികളൊന്നുമുണ്ടാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.