
ഇസ്ളാമാബാദ്: അന്താരാഷ്‌ട്ര ക്രിക്കറ്റിൽ ഒട്ടേറെ റെക്കാഡുകൾക്ക് ഉടമയാണ് മുൻ പാകിസ്ഥാൻ നായകനും പേസ് ബൗളറുമായ വസീം അക്രം. 104 ടെസ്‌റ്റ് മത്സരങ്ങളിൽ നിന്ന് 414 വിക്കറ്റുകളും 356 ഏകദിനങ്ങളിൽ നിന്ന് 502 വിക്കറ്റുകളും നേടിയ മറ്റ് രാജ്യങ്ങളിലടക്കം ആരാധകരുണ്ടായിരുന്ന പേസ് ബൗളർ. ഏറ്റവുമധികം ടെസ്‌റ്റ് വിക്കറ്റുകൾ പാകിസ്ഥാനിൽ ഇപ്പോഴും അക്രത്തിന്റെ പേരിലാണ്. എന്നാൽ താരം ഇപ്പോൾ ശ്രദ്ധ നേടുന്നത് ആത്മകഥയിലെ ഒരു തുറന്നുപറച്ചിൽ കൊണ്ടാണ്. വിരമിച്ച ശേഷം താൻ കൊക്കെയിന് അടിമയായി എന്നതാണത്. 56കാരനായ അക്രം താൻ ലഹരിക്ക് അടിമയായിരുന്നെന്നും ജീവിതം തന്നെ ലഹരി ഉപയോഗത്തിന് വേണ്ടി താൻ വിനിയോഗിച്ചുവെന്നും അക്രം തുറന്നുപറയുന്നു.
ഏഷ്യൻ നാടുകളിലെ എല്ലാം നശിപ്പിക്കുന്ന പാർട്ടി സംസ്‌കാരം തന്നെയും ബാധിച്ചതായും അക്രം പറയുന്നു. ലഹരി ഉപയോഗം ഇംഗ്ളണ്ടിൽ വച്ചാണ് ആദ്യം ഉണ്ടായതെന്നും ആ സമയം ടിവിയിൽ അവതാരകനായി താൻ ജോലി ചെയ്‌തിരുന്ന കാലമാണെന്നും അക്രം വിവരിക്കുന്നു. ആദ്യ ഭാര്യ ഹുമയിൽ നിന്നും ഈ വിവരം മൂടിവയ്‌ക്കാൻ ശ്രമിച്ചു. പക്ഷെ അവർ കണ്ടെത്തിയതായും കറാച്ചിയിൽ നാട്ടിലേക്ക് പോകാൻ അവർ ആഗ്രഹിച്ചിരുന്നതായും അക്രം ഓർക്കുന്നു. ലഹരി ഉപയോഗത്തിന്റെ ആ കാലം കഴിഞ്ഞതായും അക്രം കുറിക്കുന്നുണ്ട്.