
തിരുവനന്തപുരം: ജനറൽ ആശുപത്രിയിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ മർദ്ദനം. സർജറി ഒ പി വിഭാഗം യൂണിറ്റ് മേധാവി ഡോ സി എം ശോഭയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ചികിത്സയ്ക്കെത്തിയ രോഗിയുടെ ആക്രമണത്തിൽ ഡോക്ടറുടെ കയ്യൊടിഞ്ഞു. തലയ്ക്ക് നേരെ വന്ന അടി തടയുന്നതിനിടെ കൈയ്ക്ക് പരിക്കേൽക്കുകയായിരുന്നെന്ന് ശോഭ പറഞ്ഞു. ജനറൽ ആശുപത്രിയിലെ സർജറി ഒ പിയിൽ ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം.
ആശുപത്രിയിൽ വൃക്ക രോഗത്തിന് ചികിത്സയ്ക്ക് എത്തിയ വള്ളക്കടവ് സ്വദേശി വസീർ (25) ആണ് ആക്രമണം നടത്തിയത്. വസീറിനെ പരിശോധിച്ച ഡോക്ടർ സ്‌കാനിംഗിന് നിർദേശിച്ചിരുന്നു. പിന്നാലെ സ്‌കാൻ റിപ്പോർട്ട് പരിശോധിച്ച ശോഭ വസീറിന്റെ വൃക്കയിൽ കല്ലിന്റെ പ്രശ്നം കണ്ടെത്തിയെന്നും കിടത്തി ചികിത്സ ആവശ്യമാണെന്നും അറിയിച്ചു. ഇത് കേട്ട വസീർ പ്രകോപിതനായി ഡോക്ടറെ ആക്രമിക്കുകയായിരുന്നു.
തുടർന്ന് സെക്യൂരിറ്റി ജീവനക്കാരും മറ്റ് രോഗികളും ചേർന്ന് യുവാവിനെ കീഴ്‌പ്പെടുത്തി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ യുവാവിനെ റിമാൻഡ് ചെയ്തു. വലതുകൈയിലെ പൊട്ടലിനെത്തുടർന്ന് ഡോ ശോഭ ആശുപത്രിയിൽ ചികിത്സയിലാണ്.