sharon

തിരുവനന്തപുരം: പാറശാല സ്വദേശി ഷാരോൺ രാജി(23)ന്റെ ദുരൂഹമരണത്തിൽ പെൺസുഹൃത്തിനെ ഇന്ന് അന്വേഷണ സംഘം ചോദ്യം ചെയ്യും. പാറശാല പൊലീസ് ഇതുവരെ അന്വേഷിച്ച കേസ് ഇന്നലെ ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറിയിരുന്നു. ഇതിന് പിന്നാലെ പെൺസുഹൃത്തിനോട് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ നിർദേശിക്കുകയായിരുന്നു. ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ജോൺസന്റെ നേതൃത്വത്തിലാണ് അന്വേഷണം.

മരണത്തിൽ അടിമുടി ദുരൂഹതയുണ്ടെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഷാരോണിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു. സംഭവത്തിൽ ഷാരോണിന്റെ കൂട്ടുകാരിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിട്ടുണ്ട്. ഈ പെൺകുട്ടി കഴിച്ചിരുന്ന കഷായം ഷാരോൺ കഴിച്ചുനോക്കുകയായിരുന്നെന്നും പെൺകുട്ടി കഴിച്ചതിന്റെ ബാക്കിയാണ് ഷാരോൺ കഴിച്ചതുമെന്നാണ് വിവരം. ഇതിന് ശേഷം കയ്‌പ്പ് മാറ്റാൻ കഴിച്ച ജൂസിന്റെ കാലാവധി കഴിഞ്ഞിരുന്നതായി ഷാരോൺ അവസാനമായി പെൺകുട്ടിയ്‌ക്ക് അയച്ച വാട്ട്സാപ്പ് സന്ദേശത്തിൽ പറയുന്നുണ്ട്. പെൺകുട്ടി ആരോപണങ്ങളെല്ലാം നിഷേധിച്ചിരുന്നു.

കയ്പ്പുണ്ടോയെന്ന് ഷാരോൺ ചോദിച്ചപ്പോഴാണ് കഷായം നൽകിയതെന്നും കഷായത്തിന്റെ അവസാന ഡോസായിരുന്നുവെന്നും, താൻ കഴിച്ചതിന്റെ ബാക്കിയാണ് നൽകിയതെന്നുമാണ് പെൺകുട്ടി സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. വീട്ടിൽ നിന്ന് വിഷമൊന്നും കൊടുത്തിട്ടില്ലെന്ന് ഉറപ്പുണ്ടെന്നും പെൺകുട്ടി ഷാരോണിന്റെ സുഹൃത്തിനോട് പറയുന്നു. ഒക്‌ടോബർ 14നാണ് കാമുകിയുടെ വീട്ടിൽവച്ച് ഷാരോൺ കഷായം കഴിച്ചത്. തുടർന്ന് കടുത്ത ഛർദ്ദിയുണ്ടായി.15ന് തൊണ്ടവേദന കലശലായി.16ന് ഫോർട്ട് ആശുപത്രിയിലെത്തിച്ചു. ആരോഗ്യനില മോശമായതോടെ 17ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. 20ന് മജിസ്‌ട്രേറ്റിന് ഷാരോൺ മൊഴി നൽകിയിരുന്നു. 21ന് പൊലീസിനും. ഈ രണ്ട് മൊഴിയിലും ആർക്കെതിരെയും പരാതി നൽകിയിരുന്നില്ല. 11 ദിവസത്തെ ചികിത്സയ്‌ക്കൊടുവിൽ 25നാണ് ഷാരോൺ മരിച്ചത്.