
കുട്ടികൾ മുതിർന്നവരോട് തർക്കുത്തരം പറയുന്നത് മിക്ക മാതാപിതാക്കളെയും അലട്ടുന്ന ഒരു പ്രശ്നമാണ്. ഇങ്ങനെയൊന്നിനെയാണല്ലോ പ്രസവിച്ചതെന്ന് പറഞ്ഞ് സ്വയം ശപിക്കുന്ന അമ്മമാരും ഉണ്ട്. എന്നാൽ ഒരിക്കലും നിങ്ങൾ ശാന്തത കൈവെടിയരുത്. എവിടെ നിന്നാണ് മക്കൾ ഇതൊക്കെ പഠിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ?
സ്വന്തം വീട്ടിൽ നിന്നോ ചുറ്റുപാടുകളിൽ നിന്നോ ഒക്കെത്തന്നെയാണ് കുട്ടികൾ ഇതൊക്കെ പഠിക്കുന്നത്. പ്രത്യേകിച്ച് പന്ത്രണ്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് മുതിർന്നവരെ അനുകരിക്കാനുള്ള പ്രവണത കൂടുതലായിരിക്കും. ഉദാഹരണത്തിന് മുത്തച്ഛനോട് അച്ഛൻ തറുതല മറയുന്നത് കുട്ടി കണ്ടാൽ, അത് അനുകരിക്കാനുള്ള പ്രവണത അവനിൽ ഉണ്ടാകും.
കുട്ടികൾ മോശമായി സംസാരിക്കുകയോ പെരുമാറുകയോ ചെയ്താൽ അവരെ തല്ലുന്നതല്ല പോംവഴി. അങ്ങനെ ചെയ്യുമ്പോൾ അവരിൽ വാശി ഉണ്ടാകാൻ സാദ്ധ്യത ഉണ്ട്. അവരെ ശാന്തമായി പറഞ്ഞ് മനസിലാക്കുകയാണ് വേണ്ടത്. പഠിക്കണമെന്നോ മുറി വൃത്തിയാക്കണമെന്നോ ഒക്കെ പറഞ്ഞാൽ അവർ ചെയ്യില്ലെന്ന് മറുപടി നൽകിയാൽ അത് അവഗണിച്ച്, നിർബന്ധമായും ചെയ്യണമെന്ന് താക്കീത് നൽകാം.
പൊതുയിടങ്ങളിലോ മറ്റോ വച്ച് തർക്കുത്തരം പറഞ്ഞാൽ ചെറിയ ശിക്ഷകൾ നൽകുമെന്ന് അവർക്ക് മുന്നറിയിപ്പ് നൽകുക. ഉദാഹരണത്തിന് ടിവി കാണാൻ അനുവദിക്കില്ലെന്നോ ഗെയിം കളിക്കാൻ അനുവദിക്കില്ലെന്നൊക്കെ പറയാം. എന്നിട്ടും അവർ തർക്കുത്തരം പറഞ്ഞാൽ ആദ്യം പറഞ്ഞതുപോലെ കളിക്കാൻ അനുവദിക്കാതിരിക്കുകയോ ഒക്കെ ചെയ്യാം.
ഏതൊരു കുട്ടിയുടെയും ആദ്യ സ്‌കൂൾ അവരുടെ വീടാണ്. നല്ലരീതിയിൽ മറ്റുള്ളവരോട് പെരുമാറാൻ അവരെ പഠിപ്പിക്കാൻ രക്ഷിതാക്കൾക്ക് സാധിക്കണം. മാതാപിതാക്കൾ തന്നെയാണ് മാതൃകയാകേണ്ടത്. പരസ്‌പര ബഹുമാനത്തോടെ വേണം സംസാരിക്കാൻ. കുട്ടികൾക്ക് മുന്നിൽവച്ച് ഒരിക്കലും വഴക്കിടരുത്. അഭിപ്രായ വ്യത്യാസങ്ങൾ രമ്യമായി പറയണം.