
ഇന്ത്യൻ വംശജനായ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ അദ്ദേഹത്തെ ചുറ്റിപ്പറ്റിയുള്ള വാർത്തകൾ മാദ്ധ്യമങ്ങളിൽ നിറയുകയാണ്. ഋഷി സുനകിന്റെ ആസ്‌തിയും സമ്പത്തും വളർച്ചയുമെല്ലാം സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. അതിനോടൊപ്പം തന്നെ ഏറെ ശ്രദ്ധനേടുന്ന ഒന്നാണ് 42ാം വയസിലും പ്രായത്തെ വെല്ലുന്ന അദ്ദേഹത്തിന്റെ ചുറുചുറുക്ക്. ആരോഗ്യത്തോടെയും ചെറുപ്പത്തോടെയും ഇരിക്കാൻ താൻ പാലിച്ചുവരുന്ന ആഹാരക്രമം അടുത്തിടെ ഒരു അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

ഇന്റർമിറ്റന്റ് ഫാസ്റ്റിംഗും ഗ്രീക്ക് യോഗർട്ടുമാണ് തന്റെ ആരോഗ്യരഹസ്യമെന്ന് ഋഷി സുനക് വെളിപ്പെടുത്തുന്നു. പന്ത്രണ്ട് മുതൽ പതിനാല് മണിക്കൂറുകൾ വരെ ഇടവിട്ടാണ് ആഹാരം കഴിക്കുന്നത്. കൂടാതെ ഇടയ്ക്കിടെ പ്രഭാത ഭക്ഷണമായി ബ്ളൂബെറിയും ഗ്രീക്ക് യോഗർട്ടും കഴിക്കും. പ്രോബയോട്ടിക്‌സ്, പ്രോട്ടീൻ, കാൽഷ്യം എന്നിവ ധാരാളം അടങ്ങിയ ഗ്രീക്ക് യോഗർട്ട് ദഹനം, വിശപ്പ് ശമിപ്പിക്കൽ എന്നിവയ്ക്കും എല്ലുകളെ ശക്തിപ്പെടുത്തുന്നതിനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഏറെ ഉത്തമമാണ്. ഗ്രീക്ക് യോഗർട്ടിനോടൊപ്പം നാര്, കാർബോഹൈഡ്രേറ്റ്, ഫാറ്റ് എന്നിവ അടങ്ങിയ പദാർത്ഥങ്ങൾ കഴിക്കുന്നത് മെറ്റബോളിസം മികച്ചതാക്കുന്നു. കൂടാതെ ഉത്ക്കണ്ഠ, വിഷാദം എന്നിവ നിയന്ത്രിച്ച് മാനസികാരോഗ്യം മെച്ചപ്പെടുത്താനും ഗ്രീക്ക് യോഗർട്ട് ഏറെ ഉത്തമമാണ്. സ്വതവേയുള്ള പുളിപ്പ് രുചി നിലനിർത്തികൊണ്ടുതന്നെ അരിച്ചെടുത്ത തൈരാണ് ഗ്രീക്ക് യോഗർട്ട്.
അതേസമയം, ഫൈബർ, ആന്റി ഓക്‌സിഡന്റ്‌സ്, വിറ്റാമിൻ സി, മിനറൽസ് എന്നിവ ധാരാളം അടങ്ങിയ ബ്ളൂബെറി ഗ്രീക്ക് യോഗർട്ടിനൊപ്പം പരീക്ഷിക്കാവുന്ന മികച്ച കോംബിനേഷനാണ്. ഡയബറ്റീസ് നിയന്ത്രിക്കുന്നതിന് സഹായിക്കുന്ന ഏറ്റവും മികച്ച പഴമാണ് ബ്ളൂബെറി. മാത്രമല്ല ത്വക്കിന്റെയും ഹൃദയത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുകയും എല്ലിന്റെ ബലം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. രാവിലെ ഉറക്കമുണർന്ന് രണ്ട് മണിക്കൂറിനകം ഗ്രീക്ക് യോഗർട്ടും ബ്ളൂബെറിയും കഴിക്കുന്നത് ദിവസം മുഴുവൻ ഉന്മേഷം നിലനിർത്താൻ സഹായിക്കുന്നു.
അതേസമയം, വാരാന്ത്യങ്ങളിൽ വ്യത്യസ്തമായ ഭക്ഷണക്രമമാണ് ഋഷി സുനക് പിന്തുടരുന്നത്. പാൻകേക്ക്, വാഫിൽസ് എന്നിവയടങ്ങിയ ഭക്ഷണമാണ് ശനി, ഞായർ ദിവസങ്ങളിൽ ഋഷി സുനക് ആസ്വദിക്കുന്നത്. ചോക്ക്ളേറ്റ് ചിപ്പ് മഫിൻ, സിനമൺ ( കറുവാപ്പട്ട) ബൺ എന്നിവയും ഇടയ്ക്ക് ആസ്വദിക്കാറുണ്ടെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി പങ്കുവച്ചു.