rose-water

അഴുക്കുകൾ നീക്കി ചർമത്തെ കൂടുതൽ സുന്ദരമാക്കാൻ സഹായിക്കുന്ന മികച്ച ടോണർ ആണ് റോസ്‌വാട്ടർ. മുഖത്ത് അടിഞ്ഞുകൂടിയിരിക്കുന്ന അഴുക്കും എണ്ണമയവും നീക്കം ചെയ്യാൻ ഇത് സഹായിക്കും. മുഖക്കുരുവും കറുത്തപാടുകളും കരുവാളിപ്പുമൊക്കെ അകറ്റാനും റോസ്‌വാട്ടർ ഉപയോഗിക്കാം.

കുളിക്കുന്ന വെള്ളത്തിൽ രണ്ട് തുള്ളി റോസ്‌വാട്ടർ ഒഴിച്ചാൽ ചർമം തിളങ്ങാൻ സഹായിക്കും. മാത്രമല്ല ശരീരവും മനസും റിഫ്രഷ് ആകാനും ഇത് സഹായിക്കും. നല്ലൊരു മേക്കപ്പ് റിമൂവർ കൂടിയാണിത്. കുറച്ച് വെളിച്ചെണ്ണയും റോസ്‌‌വാട്ടറും ചേർത്ത് കോട്ടൻ തുണികൊണ്ട് തുടച്ചാൽ മേക്കപ്പ് എളുപ്പം പോകും.

റോസ്‌വാട്ടർ അഞ്ച് പൈസ ചെലവില്ലാതെ, മിനിട്ടുകൾക്കുള്ളിൽ വീട്ടിലുണ്ടാക്കാൻ കഴിയും. വീട്ടിൽ വളർത്തുന്ന മൂന്ന് പനനീർ പൂവുകൾ എടുത്ത്, ഇതളുകൾ വേർപെടുത്തിയ ശേഷം നന്നായി കഴുകുക. ശേഷം ഒരു സ്റ്റീൽ പാത്രത്തിലിട്ട് കുറച്ച് വെള്ളം ഒഴിച്ച് പത്ത് മിനിട്ട് തിളപ്പിക്കുക. റോസ് നിറത്തിലുള്ള ദ്രാവകം നിങ്ങൾക്ക് ലഭിക്കും. ഇത് ബോട്ടിലിലാക്കി ഫ്രിഡ്ജിൽ വച്ച്, ആവശ്യാനുസരണം ഉപയോഗിക്കാം. കെമിക്കലുകൾ ചേർക്കാത്തതിനാൽ ഒരുപാട് നാൾ കേടാകാതെ നിൽക്കില്ല.