rahul-gandhi-

ഹൈദരാബാദ് : ഇരുപത് ദിവസത്തോളം കേരളത്തെ ഇളക്കി മറിച്ച് കടന്ന് പോയ കോൺഗ്രസ് നേതാവും വയനാട് എം പിയുമായ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇപ്പോൾ തെലങ്കാനയിലാണുള്ളത്. കേരളത്തിൽ നിന്നും കർണാടകയും കടന്നാണ് യാത്ര തെലങ്കാനയുടെ മണ്ണിൽ പ്രവേശിച്ചത്. തെലങ്കാനയിൽ യാത്രയുടെ ആറാം ദിവസമാണ് ഇന്ന്. ഭാരത് ജോഡോ യാത്ര ഓരോ ദിവസവും കഴിയുമ്പോൾ ആവേശം പതിന്മടങ്ങ് ഉയരുകയാണ്.

നടത്തം ഓട്ടമായി

ഉച്ചത്തിലുള്ള ആർപ്പുവിളികൾക്കിടയിൽ ഭാരത് ജോഡോ യാത്ര പോകുന്ന ഇടമെല്ലാം ഇളക്കി മറിച്ചാണ് കടന്ന് പോകുന്നത്. യാത്രയുടെ മുഖ്യ ആകർഷണമായ രാഹുലിനെ ഒരു നോക്കു കാണുന്നതിനാണ് ഗ്രാമവാസികൾ ഒത്തുകൂടുന്നത്. കേരളത്തിലെ യാത്രയ്ക്ക് ഇടയിലെന്ന പോലെ തെലങ്കാനയിലും ഇടയ്ക്കിടെ രാഹുൽ ചില കുസൃതികൾ ഒപ്പിക്കും, മുതിർന്ന നേതാക്കളെയും, സുരക്ഷാ ഉദ്യോഗസ്ഥരെയും ഒരുപോലെ കുഴയ്ക്കുന്നതാവും ഇവ. അതിവേഗ നടത്തം പെട്ടെന്ന് ഗിയർ മാറ്റി ഓട്ടത്തിലേക്ക് വഴിമാറുന്നതാണ് ഇതിലൊന്ന്. യാത്ര തെലങ്കാനയുടെ മണ്ണിൽ പ്രവേശിച്ചതും നടത്തം ഓട്ടത്തിന് വഴിമാറിയിരുന്നു. യാത്രയ്ക്കിടയിലും തന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും, മറ്റുള്ളവർക്ക് ഈ പാഠം പകർന്നു നൽകുന്നതിനും രാഹുൽ പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. പുഷ് അപ്പ് അടക്കമുള്ള വ്യായാമ പ്രവർത്തികൾ ഇതിന്റെ ഭാഗമാണ്.

കഴിഞ്ഞ ദിവസം യാത്ര തെലങ്കാനയിലെ മഹബൂബ് നഗർ പട്ടണത്തിലെ ധർമപൂരിൽ നിന്നുമാണ് ആരംഭിച്ചത്. 20 കിലോമീറ്ററിലധികം സഞ്ചരിച്ച് ഷാദ്നഗറിലെ സോളിപൂർ ജംഗ്ഷനിലാണ് യാത്ര അവസാനിച്ചത്. യാത്രയ്ക്കിടെ സമൂഹത്തിന്റെ നാനാ വിഭാഗത്തിലുള്ളവരുമായി രാഹുൽ കൂടിക്കാഴ്ചയും നടത്തുന്നുണ്ട്. ആരാധനാലയങ്ങളിൽ പ്രാർത്ഥനയ്ക്കും അദ്ദേഹം സമയം കണ്ടെത്തുന്നു.

പറയുന്നത് വ്യക്തമായ രാഷ്ട്രീയം

ഭാരത് ജോഡോ യാത്ര ഒരു ആഘോഷമാകുമ്പോൾ രാഹുൽ പ്രസംഗങ്ങളിൽ എതിരാളികളെ കടന്നാക്രമിക്കാൻ മറക്കുന്നില്ല. തെലങ്കാനയുടെ മണ്ണിൽ ബിജെപിയെയും ടിആർഎസിനെയും കടന്നാക്രമിച്ചാണ് രാഹുൽ സംസാരിക്കുന്നത്. കർഷകരെയും തൊഴിലാളികളെയും ചെറുകിട കച്ചവടക്കാരെയും മോദിയുടെ നോട്ട് നിരോധന തീരുമാനം എപ്രകാരം ബാധിച്ചു എന്നും, ജി എസ് ടി നടപ്പിലാക്കിയതിന്റെ ദോഷങ്ങളും അദ്ദേഹം ഓർമ്മിപ്പിച്ചു. ടിആർഎസും ബിജെപിയും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് നിരന്തരം രാഹുൽ ജനങ്ങളെ ഓർമ്മിപ്പിക്കുന്നുണ്ട്.

'നരേന്ദ്ര മോദി സർക്കാർ ലോക്സഭയിൽ കൃഷിയുമായി ബന്ധപ്പെട്ട് മൂന്ന് കറുത്ത നിയമങ്ങൾ പാസാക്കുമ്പോൾ, ടിആർഎസ് അദ്ദേഹത്തിന് പൂർണ പിന്തുണ നൽകുകയായിരുന്നു,' ഈ വാക്കുകളിലൂടെ രണ്ട് പാർട്ടികളും തമ്മിലുള്ള അന്തർദ്ധാര സജീവമാണെന്ന് രാഹുൽ പറഞ്ഞു വയ്ക്കുന്നു.

സെപ്തംബർ ഏഴിന് തമിഴ്നാട്ടിലെ കന്യാകുമാരിയിൽ നിന്നും ആരംഭിച്ച ഭാരത് ജോഡോ യാത്ര കർണാടകയിൽ എത്തിയപ്പോഴാണ് കോൺഗ്രസ് പാർട്ടിയിൽ പുതിയ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് നടന്നത്.