ashraf-thamarasery

നാട്ടിലുള്ളവർക്കായി പ്രവാസ ലോകത്ത് കഷ്ടപ്പെട്ട് ജീവിക്കുന്നവരെ മരണം കൂട്ടിക്കൊണ്ട് പോകുമ്പോൾ, അവരുടെ പ്രിയപ്പെട്ടവർക്ക് ചേതനയറ്റ ശരീരമെങ്കിലും ഒരു നോക്ക് കാണാൻ ആഗ്രഹം കാണും. നിയമത്തിന്റെ അനേകം നൂലാമാലകൾ നീക്കി ഈ ആഗ്രഹം സാധിച്ചു കൊടുക്കുന്നതിൽ വർഷങ്ങളായി പ്രയത്നിക്കുന്ന മലയാളിയാണ് അഷ്റഫ് താമരശ്ശേരി. ഗൾഫ് ലോകത്തെ ഹൃദയസ്പർശിയായ സംഭവങ്ങളെ കുറിച്ച് അദ്ദേഹം ഫേസ്ബുക്കിൽ കുറിക്കാറുമുണ്ട്. ഇത്തരത്തിൽ ഒരു പ്രവാസിയുടെ ദാരുണാന്ത്യത്തെ കുറിച്ചാണ് കഴിഞ്ഞ ദിവസം അഷ്റഫ് എഴുതിയത്. നാട്ടിലുള്ളവർക്ക് സമ്മാനങ്ങളും വാങ്ങി, പെട്ടിയുമായി വിമാനത്താവളത്തിലേക്ക് പോകവേയാണ് പ്രവാസിയെ മരണം കൂട്ടിക്കൊണ്ടു പോയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം


ഇന്നലെയും ഇന്നുമായി പത്ത് പ്രവാസി സുഹൃത്തുക്കളുടെ മൃതദേഹമാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് നാട്ടിലേക്കയച്ചത്. എട്ടുപേർ മലയാളികളായിരുന്നു. ഇതിൽ ഒരു സഹോദരന്റെ ആകസ്മികമായ മരണം വല്ലാതെ വേദനിപ്പിച്ചു. ഏറെ കാലമായി പ്രവാസ ലോകത്തുള്ള ഈ സഹോദരൻ അവധി നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു. തന്റെ പ്രിയപ്പെട്ടവർക്ക് പുത്തൻ മണമുള്ള സമ്മാനങ്ങളും മറ്റു സാധനങ്ങളുമായി പെട്ടി ഒരുക്കിക്കൂട്ടിയിരുന്നു. ലഗേജുമെടുത്ത് താമസ സ്ഥലത്തുള്ളവരോട് യാത്ര പറഞ്ഞ് വിമാനത്താവളത്തിലേക്കുള്ള വാഹനത്തിൽ കയറാൻ തയ്യാറെടുക്കവേ പെട്ടന്ന് നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. അസഹ്യമായ നെഞ്ച് വേദന ഹൃദയാഘാതമായിരുന്നു.

പ്രിയപ്പെട്ടവരെ ആറ്റുനോറ്റ് ഒരു നോക്ക് കാണാൻ കൊതിയോടെ പുറപ്പെട്ടിറങ്ങിയതായിരുന്നു ഈ സഹോദരൻ. എത്രയെത്ര സ്വപ്നങ്ങളുമായാണ് ഓരോ പ്രവാസിയും തന്റെ പ്രിയപ്പെട്ട നാട്ടിലേക്ക് യാത്രക്ക് ഒരുങ്ങുന്നത്. പ്രതീക്ഷകളോടെ കാത്തിരിക്കുന്ന കുടുംബം, കുഞ്ഞുമക്കൾ, ഇന്നലെ വരെ ചിരിച്ചു കളിച്ച കൂട്ടുകാർ.... സന്തോഷത്തിന്റെ പുഞ്ചിരികൾ വാടി ദുഖത്തിന്റെ കണ്ണുനീരുകൾ പൊടിയുന്ന നിമിഷങ്ങൾ... എന്ത് ചെയ്യാം വിധി തീരുമാനിക്കുന്നത് നമ്മളല്ലല്ലോ....ഇത്തരം അവസ്ഥകളെ തൊട്ട് ദൈവം നമ്മെ ഏവരെയും കാത്ത് രക്ഷിക്കുമാറാകട്ടെ. നമ്മളിൽ നിന്നും വിടപറഞ്ഞു പോയ പ്രിയ സഹോദരങ്ങളുടെ ബന്ധുക്കൾക്കും പ്രിയപ്പെട്ടവർക്കും ക്ഷമയും സഹനവും നൽകി അനുഗ്രഹിക്കുമാറാകട്ടെ.......