
ഫ്രാങ്ക്ഫർട്ട് : ഇറാനിൽ നിന്നും ജർമ്മനിയിലേക്ക് എത്തിയ വിമാനത്തിന്റെ സാധനങ്ങൾ സൂക്ഷിക്കുന്ന അടിഭാഗത്ത് നിന്നും മൃതദേഹം കണ്ടെത്തി. ടെഹ്റാനിൽ നിന്ന് എത്തിയ വിമാനത്തിൽ പതിവ് സുരക്ഷാ പരിശോധന നടത്തുന്നതിനിടെയാണ് ഉദ്യോഗസ്ഥർ മൃതദേഹം കണ്ടത്. ഇതിന് സമീപത്തായി ഓക്സിജൻ സിലിണ്ടറും ഉണ്ടായിരുന്നു. ഇറാനിൽ നിന്നും ജർമ്മനിയിലേക്ക് അനധികൃതമായി കുടിയേറാൻ നടത്തിയ ശ്രമമാണ് ഇതെന്ന് കരുതുന്നു.
പുലർച്ചെ 5.30 ന് നടത്തിയ അറ്റകുറ്റപ്പണികൾക്കിടെയാണ് മൃതദേഹം കണ്ടെടുത്തതെന്ന് ഫ്രാങ്ക്ഫർട്ട് എയർപോർട്ട് അധികൃതർ പ്രസ്താവനയിൽ പറഞ്ഞു. ലുഫ്താൻസ എയർവേയ്സിലാണ് സംഭവമുണ്ടായത്. മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് ജർമ്മൻ പൊലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പുരുഷനാണ് മരണപ്പെട്ടതെന്ന വിവരം മാത്രമേ പുറത്ത് വന്നിട്ടുള്ളു.
ഇറാനിൽ കുറച്ച് നാളായി പ്രക്ഷോഭം കൊടുമ്പിരികൊണ്ടിരിക്കുകയാണ്. ഹിജാബ് വിവാദത്തിന്റെ പേരിൽ സ്ത്രീകൾക്കെതിടെ ഏകപക്ഷീയമായി നടത്തുന്ന അടിച്ചമർത്തലുകളെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് ജനം തെരുവിൽ ഇറങ്ങുന്നത്. എന്നാൽ ജനകീയ പ്രക്ഷോഭങ്ങളെ സർക്കാർ സംവിധാനങ്ങൾ ക്രൂരമായി അടിച്ചമർത്തുകയാണ്.