
ന്യൂഡൽഹി: ഇന്ത്യ ബഹിരാകാശ മേഖലയിൽ അത്ഭുതങ്ങൾ സൃഷ്ടിച്ച് ലോകത്തെ ആശ്ചര്യപ്പെടുത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐഎസ്ആർഒയുടെ പുതിയ വിക്ഷേപണത്തിലൂടെ ഇന്ത്യ ആഗോള വിപണിയിൽ ശക്തമായ സാന്നിദ്ധ്യമായി ഉയർന്നു. ബഹിരാകാശരംഗം ഇന്ന് യുവാക്കൾക്കും സ്വകാര്യമേഖലയ്ക്കും തുറന്നിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മൻകി ബാത്തിന്റെ 94ാം എഡിഷനിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
'ഒരു കാലത്ത് ഇന്ത്യയ്ക്ക് ക്രയോജനിക് റോക്കറ്റ് സാങ്കേതിക വിദ്യ നിഷേധിക്കപ്പെട്ടിരുന്നു. ഇന്ന് ഇന്ത്യൻ ശാസ്ത്രജ്ഞർ തദ്ദേശീയമായി സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കുക മാത്രമല്ല ചെയ്തത്. ഡസൻ കണക്കിന് ഉപഗ്രഹങ്ങൾ ബഹിരാകാശത്തേക്ക് അയക്കുകയും ചെയ്തു.'-പ്രധാനമന്ത്രി പറഞ്ഞു.
'ഛത് പൂജ'യെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. 'സൂര്യനെ ആരാധിക്കുന്ന മഹത്തായ ഉത്സവം ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഘോഷിക്കുന്നു. വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഛത് പൂജയുടെ ചിത്രങ്ങൾ നമ്മൾ കാണുന്നു. അതായത് ഇന്ത്യൻ സംസ്‌കാരവും അതിന്റെ വിശ്വാസവും ലോകത്തിന്റെ എല്ലാ കോണുകളിലും അടയാളപ്പെടുത്തുന്നു.'- മോദി പറഞ്ഞു.