
ന്യൂഡൽഹി : നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് അടുക്കുന്ന ഗുജറാത്തിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാനൊരുങ്ങി ബി ജെ പി സർക്കാർ. സിവിൽ കോഡ് നടപ്പാക്കുന്നതിന്റെ വിവിധ വശങ്ങൾ പരിശോധിക്കാനുള്ള സമിതി രൂപീകരിക്കാനും ഇന്നലെ നടന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചിരുന്നു. ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലായിരിക്കും സമിതി. നാല് അംഗങ്ങളാകും സമിതിയിലുണ്ടാവുക. സമിതി ഉടൻ രൂപീകരിച്ച് പ്രവർത്തനമാരംഭിക്കും. ഗുജറാത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഈ നീക്കം. നേരത്തേ ഉത്തരാഖണ്ഡിലും, ഹിമാചൽ പ്രദേശിലും ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് സർക്കാരുകൾ അറിയിച്ചിരുന്നു. ഉത്തരാഖണ്ഡ് സർക്കാർ പഠനത്തിനായി സമിതിയെയും നിയോഗിച്ചു.
ബി ജെ പി സർക്കാരിൽ നിന്നും ഏകീകൃത സിവിൽ കോഡ് എന്ന നിയമത്തെ കുറിച്ച് കേൾക്കുമ്പോൾ പുതുമയൊന്നും അധികമാർക്കും തോന്നാൻ സാദ്ധ്യതയില്ല. കാരണം വർഷങ്ങളായി ബി ജെ പി നേതാക്കളുടെ പ്രസംഗങ്ങളിലും, വാഗ്ദ്ധാനങ്ങളിലും ഉൾപ്പെട്ടിട്ടുള്ള ഒന്നാണ് ഇത്. രാജ്യത്ത് മതാത്ഷ്ഠിത നിയമങ്ങളെ അപ്രസക്തമാക്കുന്ന ഏകീകൃത സിവിൽ കോഡ് കൊണ്ടു വരുമ്പോൾ ന്യൂനപക്ഷങ്ങൾക്ക് ആശങ്കയുണ്ടാവാൻ ഇടയുണ്ട്. ഈ വിഷയത്തിൽ കണ്ണുവച്ചാണ് പ്രതിപക്ഷ പ്രതിരോധം തീർക്കുന്നത്. എന്നാൽ ഈ നിയമം നടപ്പിലാക്കാനായി കേന്ദ്ര സർക്കാറാണ് ഇടപെടേണ്ടതെന്നും തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുകൊണ്ടാണ് സംസ്ഥാന സർക്കാരുകളെ ഈ ജോലി ഏൽപ്പിക്കുന്നതെന്ന് വിശ്വസിക്കുന്നവരും ഉണ്ട്.
യൂണിഫോം സിവിൽ കോഡ് നടപ്പാക്കേണ്ടത് കേന്ദ്ര സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് വ്യക്തമായി ഭരണഘടനയിൽ പറയുന്നുണ്ട്. അതിനാൽ സർക്കാർ ഏകീകൃത സിവിൽ കോഡ് ഉണ്ടാക്കണം. എല്ലാവരുടെയും സമ്മതത്തോടെയാണ് അത് ഉണ്ടാക്കേണ്ടത്. ഈ വിഷയത്തിൽ കടുത്ത നിലപാടാണ് ആം ആദ്മി പാർട്ടി അദ്ധ്യക്ഷൻ കേജ്രിവാളിനുള്ളത്. അതേസമയം കമ്മിറ്റി രൂപീകരിക്കാനുള്ള ബിജെപി സർക്കാരിന്റെ തീരുമാനം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി ഉള്ളതാണെന്ന് ഗുജറാത്ത് സർക്കാർ തീരുമാനത്തോട് കോൺഗ്രസ് പ്രതികരിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള 'ഗിമ്മിക്ക്' എന്നാണ് ഈ തീരുമാനത്തെ കോൺഗ്രസ് നേതാവ് അർജുൻ മോദ്വാദിയ വിശേഷിപ്പിച്ചത്. ഇത്തരം നിയമങ്ങൾ നിർമ്മിക്കാൻ സംസ്ഥാന നിയമസഭകൾക്ക് അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു. 'പണപ്പെരുപ്പവും തൊഴിലില്ലായ്മയും മറ്റ് നിരവധി പ്രശ്നങ്ങളും മൂലം ബുദ്ധിമുട്ടുന്ന പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കാനാണ് ഈ ഗിമ്മിക്കിലൂടെ ലക്ഷ്യമിടുന്നത്. ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാനുള്ള അധികാരം കേന്ദ്രത്തിനാണ്. വ്യക്തിനിയമങ്ങൾ പാർലമെന്റിലാണ് പാസാക്കേണ്ടത്. ഈ നിയമം നിർമ്മിക്കാൻ ഗുജറാത്ത് നിയമസഭയ്ക്ക് അധികാരമില്ല,' മോദ്വാദിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ മേയിലാണ് ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്. പിന്നാലെ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയറാം താക്കൂറും സമാനമായ പ്രഖ്യാപനം നടത്തി. എന്നാൽ ഈ നീക്കം ഭരണഘടനാ വിരുദ്ധവും ന്യൂനപക്ഷ വിരുദ്ധവുമാണെന്നാണ് ഓൾ ഇന്ത്യ മുസ്ലീം വ്യക്തിനിയമ ബോർഡ് പ്രതികരിച്ചത്.
അതേസമയം ഈ വിഷയത്തിൽ കോടതിയിൽ കേന്ദ്ര സർക്കാർ എടുത്ത നിലപാടും ശ്രദ്ധേയമാണ്. രാജ്യത്ത് ഏകീകൃത സിവിൽ കോഡിന് വേണ്ടി ഏതെങ്കിലും നിയമം രൂപീകരിക്കാനോ, നിയമമാക്കാനോ പാർലമെന്റിന് നിർദേശം നൽകാനാവില്ലെന്നാണ് ഈ മാസം ആദ്യം കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചത്. ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാണ് നിയമരൂപീകരണത്തിന്റെ കാര്യങ്ങൾ തീരുമാനിക്കേണ്ടതെന്നും ഇക്കാര്യത്തിൽ കേന്ദ്രത്തിന് നിർദേശം നൽകാനാകില്ലെന്നും നിയമനീതി മന്ത്രാലയം സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കം ഇടുന്നത് ബി ജെ പിയുടെ ബുദ്ധിയായിട്ടാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. തിരഞ്ഞെടുപ്പ് ചർച്ചകൾ ഈ വിഷയത്തിൽ കേന്ദ്രീകരിക്കുന്നത് ബി ജെ പിക്ക് നേട്ടമാവും എന്നതാണ് കാരണം.