petrol-pump-

നടപ്പു സാമ്പത്തികവർഷത്തെ രണ്ടാംപാദത്തിൽ പൊതുമേഖലാ എണ്ണവിതരണക്കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐ.ഒ.സി) 272.35 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. തുടർച്ചയായ രണ്ടാംപാദത്തിലാണ് കമ്പനി നഷ്ടം കുറിക്കുന്നത്. ജൂൺപാദത്തിൽ 1992 കോടി രൂപയായിരുന്നു നഷ്ടം. 2021ലെ രണ്ടാംപാദത്തിൽ ഐ.ഒ.സി 6,360.05 കോടി രൂപയുടെ ലാഭം നേടിയിരുന്നു.

അന്താരാഷ്ട്ര ക്രൂഡോയിൽവില നടപ്പുവർഷം ഇതിനകം കനത്തചാഞ്ചാട്ടം കാഴ്ചവച്ചെങ്കിലും ആനുപാതികമായി ആഭ്യന്തര പെട്രോൾ, ഡീസൽ, എൽ.പി.ജി വിലകൾ പരിഷ്‌കരിക്കാത്തതാണ് പൊതുമേഖലാ എണ്ണവിതരണക്കമ്പനികളുടെ സമ്പദ്സ്ഥിതിയെ ബാധിച്ചതെന്ന് വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ മേയ്ക്കുശേഷം എണ്ണക്കമ്പനികൾ ഇന്ധനവില പരിഷ്‌കരിച്ചിട്ടില്ല.

നാണയപ്പെരുപ്പത്തിന് കടിഞ്ഞാണിടാനുള്ള കേന്ദ്രത്തിന്റെയും റിസർവ് ബാങ്കിന്റെയും നടപടികൾക്ക് പിന്തുണയുമായാണ് എണ്ണക്കമ്പനികൾ ഇന്ധനവില ഉയർത്താതിരിക്കുന്നത്. കഴിഞ്ഞപാദത്തിൽ ഐ.ഒ.സിയുടെ പ്രവർത്തനവരുമാനം 1.69 ലക്ഷം കോടി രൂപയിൽ നിന്ന് 2.28 ലക്ഷം കോടി രൂപയിലെത്തി.